മഹായുതി- മഹാ വികാസ് അഘാഡി സഖ്യങ്ങൾ കൊമ്പുകോർക്കുന്ന മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറു പാർട്ടികളുടെ സ്വാധീനവും തള്ളിക്കളയാനാകുന്നില്ല. സംസ്ഥാന ഭരണത്തെ തന്നെ മാറ്റി മറിക്കാൻ ചെറു പാർട്ടികൾക്ക് കഴിയുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പ്രചാരണത്തിന്റെ ഫൈനൽ ലാപ്പിലാണ് ഇപ്പോൾ മഹാരാഷ്ട്ര.
ഫഡ്നാവിസിന്റെ ബിജെപിയും ഷിൻഡെയുടെ ശിവസേനയും അജിത് പവാറും ചേർന്ന മഹായുതി സഖ്യം ഒരുവശത്ത്. മറുപക്ഷത്ത് കരുത്തനായ ശരദ് പവാറിന്റെ എൻസിപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും കോൺഗ്രസും ചേർന്ന മഹാ വികാസ് അഘാഡി സഖ്യം. നേർക്കുനേർ പോരാട്ടം നടക്കാനിരിക്കെ വിധി നിർണയിക്കുക വമ്പൻ പാർട്ടികൾ മാത്രമല്ല രണ്ട് സുപ്രധാന സഖ്യങ്ങളുടെ ആധിപത്യത്തെ പിടിച്ച് കുലുക്കാൻ കെൽപ്പുള്ളവരാണ് ചെറുപാർട്ടികളും.
അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ , രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ ആഘാഡി തുടങ്ങിവയെല്ലാം പല മേഖലയിലും വോട്ട് നേടാൻ സാധ്യതയുള്ളവരാണ്.ഇടതുപാർട്ടികൾ ഒഴികെ ഒരു സഖ്യത്തിലും ഉൾപ്പെടാത്ത ചെറു പാർട്ടികൾ നേട്ടമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പോരാത്തതിന് പ്രമുഖരായ വിമത സ്ഥാനാർത്ഥികൾക്കും സ്വതന്ത്രർക്കുമുള്ള പ്രാദേശിക സ്വാധീനവും ചിലയിടത്ത് നിർണായകമായേക്കും.
ചെറു പാർട്ടികൾക്കും സ്വതന്ത്രർക്കുമായി 30 ഓളം സീറ്റുകൾ ലഭിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകർ കരുതുന്നു. തൂക്കു നിയമസഭ വന്നാൽ ഈ എംഎൽഎമാർ നിർണായക പങ്ക് വഹിക്കുമെന്നർത്ഥം. രാജ് താക്കറെയുടെ എംഎൻഎസ് സംസ്ഥാനത്തെ പ്രധാന മൂന്നാമത്തെ പാർട്ടിയായി ഉയർന്നുവന്ന സാഹചര്യമുണ്ടായിട്ടുണ്ട്. മുംബൈ കോർപ്പറേഷൻ പരിധിയിലും ഇവർക്ക് സ്വാധീനമുണ്ട്. മുംബൈയിൽ 25 സീറ്റുകളിലാണ് എംഎൻഎസ് മത്സരിക്കുന്നത്.
ഒവൈസിയുടെ പാർട്ടിയാണ് ഫലം സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു ഗ്രൂപ്പ്. മഹാരാഷ്ട്രയിലെ മുസ്ലിം വോട്ടിൽ ഗണ്യമായ പിടി ഔറംഗബാദിലും മുംബൈ നഗരത്തിലുമടക്കം AIMIM നുണ്ട്. ദലിത്, മുസ്ലിം ന്യൂനപക്ഷങ്ങൾ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ എന്നിവരെ ആകർഷിക്കുന്ന പാർട്ടിയാണ് അംബേദ്കറുടെ ചെറുമകനായ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ ആഘാഡി. മഹാരാഷ്ട്രയുടെ ജനസംഖ്യയുടെ 14 ശതമാനം ദലിത്, 7 ശതമാനം ബുദ്ധ ദലിത് വിഭാഗവുമായതിനാൽ VBA യെ അവഗണിക്കാനാകില്ല. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര പാർട്ടികൾ നേടിയത് 29 സീറ്റാണ്. 63 മണ്ഡലങ്ങളിൽ ഇത്തരം സ്ഥാനാർഥികളിൽ പലരും രണ്ടാം സ്ഥാനത്തെത്തി എന്നതും ശ്രദ്ധേയമാണ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ വോട്ടുകൾ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്.. മിക്ക മണ്ഡലങ്ങളിലും മൂന്നോ നാലോ ലക്ഷം വോട്ടർമാരുണ്ട്.. 60 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയാൽ ഒരു മണ്ഡലത്തിൽ കുറഞ്ഞത് രണ്ടര ലക്ഷത്തോളം വോട്ട് വീഴും.. ചെറിയ പാർട്ടികൾ പല സീറ്റിലും നിർണായകവുമാകും. ചുരുക്കിപ്പറഞ്ഞാൽ മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളില്ലെങ്കിലും ചെറുപാർട്ടികൾ വലിയ മീനാണ്.