മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇന്ന് അന്തിമതീരുമാനം ഉണ്ടാകും. ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസിനെ നിയമസഭ കക്ഷി നേതാവായി ഇന്ന് തെരഞ്ഞെടുക്കുമെന്നാണ് സൂചന.എൻസിപിക്കും ശിവസേനയ്ക്കും ഉപമുഖ്യമന്ത്രി പദം നൽകാനും ഡൽഹിയിൽ ചേർന്ന യോഗങ്ങളിൽ തീരുമാനമായി.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് 5 ദിവസം പിന്നിട്ടു.. മഹായുതി സഖ്യം വിജയിച്ച ശേഷം ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ.
ശിവസേനയ്ക്കും എൻസിപി അജിത് പവാർ വിഭാഗത്തിനും ഉപമുഖ്യമന്ത്രി പദം നൽകാനും ധാരണയായിട്ടുണ്ട്. എന്നാൽ ബിജെപിക്ക് കീഴിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ അറിയിച്ചു. ഫട്നാവിസ് മുഖ്യമന്ത്രിയാകുകയാണെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം ഷിൻഡെയുടെ മകന് നൽകുമെന്ന് ശിവസേന വ്യക്തമാക്കി നാളെ മുംബൈയിൽ നടക്കുന്ന എംഎൽഎമാരുടെ യോഗത്തിൽ ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും.
ആഭ്യന്തര വകുപ്പ് ഫഡ്നാവിസ് തന്നെ നിലനിർത്തിയേക്കും. ധനകാര്യം എൻസിപിക്ക് നൽകാനാണ് ആലോചന. മഹായുതി സഖ്യത്തിൽ ഓരോ കക്ഷികളും നേടിയ സീറ്റുകളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിലാകും വകുപ്പുകളും ലഭിക്കുക. മുഖ്യമന്ത്രി സ്ഥാനം കൂടാതെ 21 വകുപ്പുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ശിവസേനയ്ക്കും എൻസിപിക്കും യഥാക്രമം 12 ഉം 9 ഉം വകുപ്പുകൾ ലഭിച്ചേക്കും.
മഹാരാഷ്‌ട്രയിൽ ഇന്ത്യ സഖ്യത്തെ വേരോടെ പിഴുതെറിഞ്ഞായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം. മഹായുതി സഖ്യം 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റായിരുന്നു. ബിജെപി ഒറ്റയ്‌ക്ക് 132 സീറ്റാണ് നേടിയത്.