NEWSROOM

അല്ലു അര്‍ജുന് വിദേശത്തേക്ക് യാത്ര ചെയ്യാം; ജാമ്യവ്യവസ്ഥയില്‍ ഇളവ്

കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ യാത്രാ ഷെഡ്യൂള്‍ എസ്എച്ച്ഒയെ അറിയിക്കാനും രാജ്യത്തെ താമസ സ്ഥലത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

അല്ലു അര്‍ജുന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി. പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസിലാണ് ഇളവ് നല്‍കിയത്. കേസില്‍ അറസ്റ്റിലായ അല്ലു അര്‍ജുന് ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ഞായറാഴ്ചയും എത്തണമെന്നായിരുന്നു ഉപാധി.

ഈ ഉപാധിയാണ് കോടതി ഇളവ് ചെയ്തത്. ഉപാധിയെ തുടര്‍ന്ന് താരത്തിന് വിദേശത്തേക്ക് പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. ഇളവനുസരിച്ച് ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ചിക്കഡ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഇളവ്.

കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ യാത്രാ ഷെഡ്യൂള്‍ എസ്എച്ച്ഒയെ അറിയിക്കാനും രാജ്യത്തെ താമസ സ്ഥലത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥയിലെ മറ്റ് ഉപാധികള്‍ നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് താരം നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി. കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ ഞായറാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ. കോടതി അനുമതി ഇല്ലാതെ വിദേശ യാത്രയ്ക്ക് അനുമതിയുമുണ്ടായിരുന്നില്ല. കൂടാതെ, അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണത്തില്‍ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഡിസംബര്‍ 13 നാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 14 ന് രാവിലെ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. നാലാഴ്ചത്തേക്കുള്ള ഇടക്കാല ജാമ്യമായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് ജനുവരി 3 ന് സ്ഥിരം ജാമ്യം അനുവദിച്ചു.

കേസില്‍ പതിനൊന്നാം പ്രതിയാണ് അല്ലു അര്‍ജുന്‍. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന പുഷ്പ 2 പ്രീമിയര്‍ ഷോയില്‍ അല്ലു അര്‍ജുനും രശ്മിക മന്ദാനയുമടക്കമുള്ളവര്‍ എത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 35 കാരിയായ രേവതി എന്ന സ്ത്രീ മരണപ്പെട്ടത്. അപകടത്തില്‍ രേവതിയുടെ എട്ട് വയസ്സുള്ള മകന് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

SCROLL FOR NEXT