NEWSROOM

ശബരിമലയിൽ ഇന്ന് മകരവിളക്ക്; ദർശനത്തിനെത്തുന്നത് രണ്ട് ലക്ഷത്തോളം തീർഥാടകർ

സന്നിധാനത്തും പരിസരത്തുമായി രണ്ട് ലക്ഷത്തോളം തീർഥാടകർ മകരവിളക്ക് ദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ശബരിമലയിൽ ഇന്ന് ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന മകരവിളക്ക്. സന്നിധാനത്തും പരിസരത്തുമായി രണ്ട് ലക്ഷത്തോളം തീർഥാടകർ മകരവിളക്ക് ദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ 8.55ന് മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം ലഭിക്കും. 6:30ന് തിരുവാഭരണം ചാർത്തി മഹാ ദീപാരാധന നടക്കും. ദീപാരാധനയ്ക്കുശേഷം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കും.

40,000 പേർക്കായിരിക്കും ഇന്ന് വെർച്വൽ ക്യൂ ബുക്കിങ് വഴി പ്രവേശനം അനുവദിക്കുന്നത്. ഓൺലൈൻ ബുക്കിങ് വഴി 1000 പേർക്കും പ്രവേശനം നൽകും. രാവിലെ 10 മുതൽ നിലയ്ക്കൽ നിന്ന് പമ്പ വരെയുള്ള കെഎസ്ആർടിസി ബസുകൾക്ക് നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5.30 വരെ ഭക്തരെ പമ്പയിൽ നിന്ന് കടത്തിവിടില്ല. 15ന് സ്പോട്ട് ബുക്കിംഗ് രാവിലെ 11 മണിക്ക് ശേഷം മാത്രമാകും. മകരവിളക്ക് ദിവസം 800ഓളം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.


ശബരിമലയിൽ മകര വിളക്കിനായി സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മകരവിളക്ക് കഴിഞ്ഞുള്ള തിരിച്ചിറക്ക സമയത്ത് ഭക്തർക്ക് സ്വയം നിയന്ത്രണം ഉണ്ടാകണമെന്നും, അല്ലെങ്കിൽ വലിയ അപകടത്തിലേക്ക് പോകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

SCROLL FOR NEXT