NEWSROOM

ബാലറ്റ് പേപ്പർ വോട്ടിങ്ങ് നിർബന്ധമാക്കണം; ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ വീണ്ടും വിമർശനവുമായി ഇലോൺ മസ്‌ക്

മനുഷ്യർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ഇവിഎം എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്ന് ആരോപിച്ച് നേരത്തെയും മസ്ക് രംഗത്തെത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിനെതിരെ വീണ്ടും വിമർശനവുമായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ടിങ്ങ് യന്ത്രത്തിന് പകരം പേപ്പർ ബാലറ്റ് ഉപയോഗിക്കണമെന്നായിരുന്നു മസ്‌കിൻ്റെ അഭിപ്രായം. തൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയാണ് മസ്ക് വിമർശനമുന്നയിച്ചിരിക്കുന്നത്. ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷിനുകളുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവെച്ച് കൊണ്ടായിരുന്നു ഇദ്ദേഹത്തിൻ്റെ പോസ്റ്റ്.

"ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളും, മെയിൽ ഇൻ സംവിധാനവും വളരെ അപകട സാധ്യതയുള്ളതാണ്. പേപ്പർ ബാലറ്റുകളും വ്യക്തിഗത വോട്ടിങ്ങും നിർബന്ധമാക്കണം."
മസ്ക് തൻ്റെ പോസ്റ്റിൽ കുറിച്ചു.

നേരത്തെയും വോട്ടിങ്ങ് യന്ത്രങ്ങൾക്കെതിരെ വിമർശനവുമായി മസ്ക് രംഗത്തെത്തിയിരുന്നു. മനുഷ്യർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ഇവിഎം എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്നായിരുന്നു മസ്കിൻ്റെ ആരോപണം. പോർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ ചൂണ്ടികാട്ടിയുള്ള പോസ്റ്റിലൂടെയാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

മുൻ അമേരിക്കൻ പ്രസിഡൻ്റ് ജോൺ എഫ് കെന്നഡിയുടെ മരുമകൻ റോബർട്ട് എഫ് കെന്നഡിയുടെ പോസ്റ്റാണ് മസ്ക് അന്ന് പങ്കുവെച്ചിരുന്നത്. അസോസിയേറ്റ് പ്രസിൻ്റെ റിപ്പോർട്ടനുസരിച്ച് പ്യൂ​ർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പിൽ​ വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടന്നിരുന്നു. അവിടെ ​ബാലറ്റ് പേപ്പറുകൾ കൂടി ഉണ്ടായിരുന്നതിനാൽ പ്രശ്നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു. ഇത്തരം സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിൽ എന്ത് ചെയ്യുമെന്നും ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്നുമാവശ്യപ്പെട്ട് കൊണ്ടുള്ള റോബർട്ടിൻ്റെ കുറിപ്പാണ് മസ്ക് പങ്കുവെച്ചത്. 

SCROLL FOR NEXT