ബിഡിജെഎസിനെ ഒരു ഉപകരണമാക്കി ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്എൻഡിപിയുടെ നേതാക്കൾ സിപിഎം വിമർശനം നടത്തുന്നു. ബിഡിജെഎസ് വഴി ബിജെപി അജണ്ട നടപ്പാക്കുന്നതിൽ വിമർശനം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വിശ്വാസികൾക്കിടയിൽ അടക്കം വർഗീയവൽക്കരണത്തിനാണ് ബിജെപിയുടെ ശ്രമം. ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണം.
വ്യക്തിപരമായ വിമർശനങ്ങൾ പോലും എസ്എൻഡിപി നേതാക്കൾ നടത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപിയെ കാവി വത്കരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുംസ്ലീംലീഗിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുസ്ലീംലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവർത്തിക്കുകയാണെന്നാരോപിച്ച അദ്ദേഹം ലീഗിന്റെ വർഗ്ഗീയ നിലപാടിനെ തുറന്ന് കാണിക്കുമെന്നും വ്യക്തമാക്കി. വർഗീയ ശക്തികൾ പരസ്പരം കുറ്റപ്പെടുത്തി പരസ്പരം ശക്തിപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷം പ്രധാന ചുമതലയായി ന്യൂനപക്ഷസംരക്ഷണത്തെ കാണുന്നു. ന്യൂനപക്ഷ പരിരക്ഷക്ക് പ്രാധാന്യം നൽകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
മാലിന്യ സംസ്കരണത്തിന് ജനകീയ പിന്തുണയോടെ പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ കേരളത്തിന് ഇടത് പക്ഷ പ്രതിനിധികൾ ആകെ അണിനിരക്കും. വലിയ ജനകീയ മുന്നേറ്റം ശുചിത്വ കേരളത്തിനായി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.