NEWSROOM

ക്ഷമിക്കണം, അതൊരു പരസ്യമായിരുന്നു; വിമര്‍ശനം കടുത്തപ്പോള്‍ പത്രങ്ങളുടെ തിരുത്ത്

വായനക്കാരെ മണ്ടന്മാരാക്കുന്നതാണ് പത്രങ്ങളുടെ നിലപാടെന്നും, അത് വിശ്വാസവഞ്ചനയാണെന്നും വിമര്‍ശനം ഏറിയതോടെയാണ് പത്രങ്ങളുടെ തിരുത്ത്

Author : ന്യൂസ് ഡെസ്ക്


വെള്ളിയാഴ്ച ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മാര്‍ക്കറ്റിങ് ഫീച്ചറില്‍ പ്രതികരണവുമായി മലയാളം പത്രങ്ങള്‍. 'അത് പരസ്യമാണ്, വാര്‍ത്തയല്ല' എന്ന തലക്കെട്ടില്‍ പരസ്യം നല്‍കിയ ജെയിന്‍ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റിയുടെ പ്രതികരണമാണ് മലയാള മനോരമ ഒന്നാം പേജില്‍ കൊടുത്തിരിക്കുന്നത്. 'പ്രസിദ്ധീകരിച്ചത് പരസ്യം' എന്ന തലക്കെട്ടില്‍ പത്രാധിപരുടെ കുറിപ്പാണ് മാതൃഭൂമിയുടെ ഒന്നാം പേജിലുള്ളത്. കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന 'ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ' പ്രചാരണാര്‍ഥം, 2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കുമെന്ന ഭാവനയാണ് ഇന്നലെ പത്രങ്ങളുടെ ഒന്നാം പേജ് നിറഞ്ഞുനിന്നത്. അതില്‍ 'നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി' എന്ന വാര്‍ത്ത ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പരസ്യപ്പേജ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന വിമര്‍ശനം ശക്തമായതോടെയാണ് മനോരമയും, മാതൃഭൂമിയും തിരുത്തലുമായെത്തിയത്.

അത് പരസ്യമാണ്, വാര്‍ത്തയല്ല
മലയാള മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച ജെയിന്‍ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റിയുടെ ഒരു പേജ് പരസ്യത്തില്‍ ഡിജിറ്റല്‍ കറന്‍സിയെപ്പറ്റിയുള്ള പരാമര്‍ശത്തോട് ചില വായനക്കാര്‍ പ്രതികരിക്കുകയുണ്ടായി. ആ പേജിലുള്ളതെല്ലാം സാങ്കല്‍പിക വാര്‍ത്തകളാണ് എന്ന മുന്നറിയിപ്പ് ചിലര്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ ഡിജിറ്റല്‍ കറന്‍സിയില്‍ മാത്രമായിരിക്കും എന്നത് പരസ്യത്തിന്റെ ഭാഗമായ സാങ്കല്‍പിക വാര്‍ത്തയാണ് എന്ന് അറിയിക്കുന്നു -എന്നാണ് ജെയിന്‍ യുണിവേഴ്സിറ്റിയുടെ പ്രതികരണം.

പ്രസിദ്ധീകരിച്ചത് പരസ്യം
2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രത്തില്‍ 2050-ല്‍ ലോകം എങ്ങനെയായിരിക്കും എന്ന ആശയത്തിലൂന്നി പ്രസിദ്ധപ്പെടുത്തിയ സാങ്കല്‍പിക ഉള്ളടക്കം ജെയിന്‍ യൂണിവേഴ്സിറ്റിയുടെ കൊച്ചിയില്‍ നടക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍'പരിപാടിയുടെ പരസ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, വായനക്കാരില്‍ ഇത് യഥാര്‍ഥ വാര്‍ത്തയാണെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നു -എന്നാണ് മാതൃഭൂമിയില്‍ പത്രാധിപരുടെ കുറിപ്പ്.

ദേശാഭിമാനിയും ഇംഗ്ലീഷ് ദിനപത്രങ്ങളുമൊഴികെ എല്ലാ മലയാള പത്രങ്ങളും ജാക്കറ്റ് പേജില്‍ പരസ്യം വിന്യസിച്ചിരുന്നു. 'നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി' എന്നായിരുന്നു അതില്‍ ലീഡ് വാര്‍ത്ത. 'ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ' എന്നിങ്ങനെ വികസിക്കുന്ന വാര്‍ത്ത വളരെയെധികം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. രാവിലെ പത്രം വായിച്ച പലരും പരസ്യമാണെന്ന് അറിയാതെ ആശങ്കയിലായെന്ന് വിവിധകോണില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നു. മാര്‍ക്കറ്റിങ് ഫീച്ചര്‍, മുന്നറിയിപ്പ്, 2050 ജനുവരി 24 എന്നിങ്ങനെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ദിവസവും പത്രം വായിക്കുന്നവര്‍ അതൊക്കെ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന പതിവില്ലെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്.

നോട്ട് നിരോധന വാര്‍ത്താ പരസ്യത്തില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തിയിരുന്നു. പരസ്യം സാമ്പത്തിക മേഖലയില്‍ ആശങ്ക സൃഷ്ടിച്ചെന്നായിരുന്നു വിമര്‍ശനം. മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഇത്തരം പരസ്യങ്ങള്‍ വെല്ലുവിളിയാണ്. പരസ്യം നല്‍കിയ സര്‍വകലാശാലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമിതി അറിയിച്ചിരുന്നു. വായനക്കാരെ മണ്ടന്മാരാക്കുന്നതാണ് പത്രങ്ങളുടെ നിലപാടെന്നും, അത് വിശ്വാസവഞ്ചനയാണെന്നും സമൂഹമാധ്യങ്ങളിലും പ്രതികരണം നിറഞ്ഞതോടെയാണ് മനോരമയും, മാതൃഭൂമിയും പ്രതികരണം നല്‍കിയത്.

കടലിനടിയിലെ നഗരത്തിലെ ആള്‍ താമസം, കേരളത്തിലെ റോബോ മന്ത്രിയുടെ ഒന്നാം വാര്‍ഷികം, ഗോളാന്തര കിരീടം ഭൂമിയും ചൊവ്വയും പങ്കിട്ടു, അതിര്‍ത്തി രക്ഷാസേനകളെ പിന്‍വലിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതോടെ, യുദ്ധങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറും, ചെമ്പ്രമലയ്ക്ക് സമീപം അത്തിമലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത അതിനൂതന എഐ പ്രവചിച്ചതോടെ വന്‍ ദുരന്തം ഒഴിവായി എന്നിങ്ങനെ വാര്‍ത്തകളും ഉള്‍പ്പെട്ടതായിരുന്നു മാര്‍ക്കറ്റിങ് ഫീച്ചര്‍. ടൈം ട്രാവല്‍ ചെയ്ത് പുതിയ കാലത്തിലേക്ക് എവിടെയോ ചെന്നെത്തിയ പോലൊരു ഫീല്‍ നല്‍കുന്നതായിരുന്നു വാര്‍ത്തകള്‍. ശാസ്ത്രവും സാങ്കേതികവിദ്യയുംകൊണ്ട് മറ്റൊരു ലോകം സാധ്യമാകുമെന്ന് പറയുന്നതായിരുന്നു പരസ്യം.

SCROLL FOR NEXT