കലാഭവന്‍ നവാസ് 
NEWSROOM

കലാഭവൻ നവാസ് അന്തരിച്ചു; ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് (51) അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.

വെള്ളിയാഴ്ച രാത്രി 9.10നാണ്‌ ചോറ്റാനിക്കര സർക്കാർ ഹൈസ്‌കൂൾ മൈതാനത്തിന്‌ എതിർവശത്തുള്ള വൃന്ദാവനം ഹോട്ടലില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ജൂലായ്‌ 25 മുതൽ നവാസ്‌ ഇവിടെ താമസിച്ചു വരികയാണെന്നാണ് ചോറ്റാനിക്കര പൊലീസ്‌ പറയുന്നത്. നാളെ രാവിലെ 8.30ന് കളമശേരി മെഡിക്കല്‍ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും.

നാടകം, ടെലിവിഷൻ, സിനിമ രം​ഗങ്ങളില്‍ സജീവമായിരുന്നു. ഗായകനായും ശ്രദ്ധിക്കപ്പെട്ടിരുന്നു. 1995ലെ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഹിറ്റ്‌ലർ ബ്രദേഴ്‌സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997) , മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ (1999) , തില്ലാന തില്ലാന (2003) എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.

നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നടി രഹനയാണ് ഭാര്യ. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കർ സഹോദരനാണ്. കലാഭവനിലൂടെയാണ് മിമിക്രിയില്‍ മുന്‍നിരയിലേക്ക് എത്തുന്നത്. പിന്നീട് സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ മിമിക്രി ഷോകള്‍ അവതരിപ്പിച്ചു.

SCROLL FOR NEXT