NEWSROOM

സംവിധായകന്‍ ഷാഫി അന്തരിച്ചു; വിടവാങ്ങിയത് ജനപ്രിയ സിനിമകളുടെ സംവിധായകൻ

രാവിലെ 10 മുതല്‍ കലൂര്‍ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കലൂര്‍ കറുകപ്പള്ളി ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.

Author : ന്യൂസ് ഡെസ്ക്

സംവിധായകന്‍ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസ്റ്റിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം പതിനാറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 10 മുതല്‍ കലൂര്‍ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കലൂര്‍ കറുകപ്പള്ളി ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.

മലയാളത്തിലേക്ക് ഹാസ്യ സിനിമകളുടെ ഒരു നിര തന്നെ സമ്മാനിച്ച സംവിധായകനായിരുന്നു ഷാഫി. 1995ലാണ് ഷാഫി സിനിമ മേഖലയിലേക്ക് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറുന്നത്. റാഫി മെക്കാര്‍ട്ടിന്‍ എന്ന ഇരട്ടസംവിധായകരിലെ റാഫിയുടെ ഇളയ സഹോദരന്‍ കൂടിയാണ് ഷാഫി എന്ന റഷീദ് എം.എച്ച്. ജയറാം നായകനായ വണ്‍മാന്‍ഷോയാണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.

ആദ്യത്തെ കണ്‍മണി എന്ന രാജസേനന്‍ ചിത്രത്തിലാണ് ഷാഫി ആദ്യമായി അസിസ്റ്റന്റ് ഡയറക്ടര്‍ ആകുന്നത്. പിന്നീട് പുതുകോട്ടയിലെ പുതുമണവാളന്‍, സൂപ്പര്‍ മാന്‍, ദി കാര്‍, ഫ്രണ്ടസ്, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2001ലാണ് വണ്‍മാന്‍ ഷോ സംവിധാനം ചെയ്യുന്നത്. ക്രിസ്മസ് റിലീസ് ആയി എത്തിയ വണ്‍മാന്‍ ഷോ ജയറാമിന്റെ കരിയര്‍ ബെസ്റ്റ് ബ്ലോക്ബസ്റ്ററായി മാറുകയായിരുന്നു.

പിന്നീട് കല്യാണരാമന്‍, പുലിവാല്‍ കല്യാണം, മായാവി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ അദ്ദേഹം ചിരിപ്പിച്ചു. ഏകദേശം 10 ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ മജ്ജ എന്ന തമിഴ് സിനിമയും ഉള്‍പ്പെടുന്നു. വിക്രം, അസിന്‍ എന്നിവരായിരുന്നു മജ്ജയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. റാഫി മെക്കാര്‍ട്ടിന്‍, ബെന്നി പി നായരമ്പലം എന്നീ തിരക്കഥാകൃത്തുക്കള്‍ക്കപ്പമാണ് ഷാഫി കൂടുതലും പ്രവര്‍ത്തിച്ചിട്ടുള്ളത്. 2022 ൽ പുറത്തിറങ്ങിയ ആനനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. 

SCROLL FOR NEXT