ചൂരൽമല ഉരുൾപൊട്ടലിൻ്റെ ആകാശദൃശ്യം 
NEWSROOM

അതിജീവനത്തിനായി വയനാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ച് ചലച്ചിത്ര താരങ്ങൾ

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ച് ചലച്ചിത്ര താരങ്ങൾ. നവമാധ്യമങ്ങളിലൂടെ വീഡിയോ പങ്ക് വെച്ചുകൊണ്ടായിരുന്നു താരങ്ങളുടെ സഹായാഭ്യർഥന

Author : ന്യൂസ് ഡെസ്ക്

വയനാടിൻ്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ച് ചലച്ചിത്ര താരങ്ങൾ. നവമാധ്യമങ്ങളിലൂടെ വീഡിയോ പങ്ക് വച്ചാണ് താരങ്ങൾ രംഗത്തെത്തിയത്.

ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിനിടെയായിരുന്നു നടൻ മമ്മൂട്ടിയുടെ സഹായാഭ്യർഥന. ഇത് തനിക്ക് ലഭിക്കുന്ന പതിനഞ്ചാമത്തെ ഫിലിംഫെയർ അവാർഡ് ആണ്. എന്നാൽ ഈ നേട്ടം സന്തോഷിപ്പിക്കുന്നില്ല. വയനാടിന്‍റെ വേദനയാണ് മനസിലുള്ളതെന്നും ദുരിതം അനുഭവിക്കുന്നവരെ ഈ നിമിഷം ഓർക്കുന്നുവെന്നും പറഞ്ഞായിരുന്നു ദക്ഷിണേന്ത്യൻ താരങ്ങൾക്ക് മുന്നിൽ വയനാടിനായി താരം സഹായം അഭ്യർത്ഥിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ നിന്ന് കരകയറാൻ ജാതി-മത- രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നടി മഞ്ജു വാര്യരും പറഞ്ഞു. പ്രളയ കാലം അതിജീവിച്ചത് പോലെ ഈ ദുരിതത്തെയും നമ്മൾ അതിജീവിക്കുമെന്നും നടി പറഞ്ഞു.എല്ലാവരും കഴിവിന്‍റെ പരമാവധി സഹായം ചെയ്യണമെന്ന് നിർദേശം നൽകിയാണ് നടൻ ടൊവിനോ തോമസ് വീഡിയോ പങ്ക് വെച്ചത്. സിഎംഡിആർഎഫിലേക്കോ, സന്നദ്ധ സംഘടനകൾ വഴിയോ ക്യാമ്പുകളിലേക്ക് സാധനങ്ങൾ വാങ്ങി നൽകിയോ സഹായിക്കണമെന്നായിരുന്നു നടൻ്റെ അഭ്യർത്ഥന.


വയനാട് ദുരന്തത്തിന്‍റെ വ്യാപ്തി ലോകമെമ്പാടും ഉള്ള ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ചെറുതെന്നോ വലുതെന്നോ നോക്കാതെ ധനസഹായം നൽകണമെന്ന് ആസിഫ് അലിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. സമാനതകളില്ലാത്ത ദുരന്തമാണ് കേരളത്തിലേതെന്ന് ബേസിൽ ജോസഫ് പ്രതികരിച്ചു. സമാന അഭിപ്രായവുമായി സംവിധായകൻ ദിലീഷ് പോത്തനും രംഗത്തെത്തി.

ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും ഓരോ മലയാളിയുടെയും മനസ്സ് വയനാടിനൊപ്പമാണെന്ന് പറഞ്ഞ് കൊണ്ടാണ് നടി നവ്യാ നായർ രംഗത്തെത്തിയത്. മുണ്ടക്കൈയുടെയും ചൂരൽമലയുടെയും പുനർനിർമാണത്തിനായി ഉദാരമായ സംഭാവന നൽകണമെന്നും നടി പറഞ്ഞു.


വയലാറിൻ്റെ 'രാവണപുത്രി' എന്ന കവിതയാലപിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യർ രംഗത്തെത്തിയത്. ജീവിതം നഷ്ടപ്പെട്ടവരെ കരുതലോടെ ചേർത്ത് പിടിക്കേണ്ടതുണ്ട്. പുനരധിവാസത്തിനും ഈ പ്രദേശത്തിൻ്റെ പുനർനിർമാണത്തിനും വേണ്ടി സഹായിക്കാമെന്നും ദിവ്യ എസ് അയ്യർ വീഡിയോയിൽ ആവശ്യപ്പെടുന്നു.

SCROLL FOR NEXT