NEWSROOM

അടിമുടിയുലഞ്ഞ് മലയാള സിനിമ; ഇതുവരെ വീണത് രണ്ട് വിക്കറ്റ്, ആരോപണവിധേയരുടെ പട്ടിക നീളുന്നു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമയിലെ വല്യേട്ടന്‍മാരുടെ സമാധാനമാണ് തകര്‍ന്നടിഞ്ഞത്

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അടിമുടിയുലഞ്ഞിരിക്കുകയാണ് മലയാള സിനിമ. എല്ലാ ദിവസവും സ്ത്രീകള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയാണ്. മലയാള സിനിമ മേഖലയിലെ പ്രമുഖ നടന്‍മാരും സംവിധായകരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ആരോപണവിധേയരുടെ ലിസ്റ്റില്‍ ഉള്‍പെടുന്നു. ഒരു കൂട്ടം സ്ത്രീകളുടെ കടുത്ത പരിശ്രമത്തെ തുടര്‍ന്നാണ് ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. അത് സ്ത്രീകള്‍ക്ക് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുള്ള ധൈര്യം കൂടിയായി. അതുകൊണ്ട് തന്നെയാണ് മലയാള സിനിമയെ പിടിച്ചുകുലുക്കും വിധത്തിലുള്ള വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

മലയാള സിനിമയുടെ അടിത്തറ തെറിക്കും വിധത്തിലുള്ള സംഭവം നടക്കുന്നത് 2017ലാണ്. നടി ആക്രമിക്കപ്പെട്ട കേസ്. തുടര്‍ന്ന് ദിലീപ് കുറ്റാരോപിതനാവുകയും മലയാള സിനിമയുടെ മുഖം മൂടി ഓരോന്നായി അഴിഞ്ഞ് വീഴുകയും ചെയ്തു. മലയാള സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് തെളിയിക്കും വിധത്തിലുള്ള കാര്യങ്ങളാണ് പിന്നീട് പുറത്തുവന്നത്. അലന്‍സിയര്‍, വിജയ് ബാബു എന്നിവര്‍ക്കെതിരെ മീടു ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നു. അപ്പോഴും ദിലീപിനെ സംരക്ഷിച്ചതുപോലെ AMMA വേട്ടക്കാര്‍ക്കൊപ്പം തന്നെ നില്‍ക്കുകയാണ് ചെയ്തത്. ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും AMMA നിശബ്ദത പാലിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കകം തന്നെ AMMA ജനറല്‍ സെക്രട്ടറിയായ സിദ്ദീഖിനെതിരെ ലൈംഗികാരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തി. 21-ാം വയസില്‍ സിദ്ദീഖ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. അതിന് പിന്നാലെ സിദ്ദീഖ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി വെച്ചു. സിദ്ദീഖിന്റെ രാജിയില്‍ AMMA അനാഥമാകില്ലെന്ന് പറഞ്ഞ ജോയിന്‍ സെക്രട്ടറി ബാബുരാജിനെതിരെയായിരുന്നു അടുത്ത ലൈംഗികാരോപണം ഉയര്‍ന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് തന്നെ ബലാത്സംഗം ചെയ്തു എന്ന ആരോപണവുമായാണ് രംഗത്തെത്തിയത്. AMMAയിലെ അംഗങ്ങളായ മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് ആരോപണം ഉന്നയിച്ചത്. നടി മിനു മുനീറാണ് ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, എന്നിവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.



ഈ ലിസ്റ്റില്‍ നടന്‍മാര്‍ മാത്രമല്ല സംവിധായകരും ഉള്‍പ്പെടുന്നു. സംവിധായകന്‍ രഞ്ജിത്തിനെതിരെയാണ് ആദ്യം ആരോപണം ഉയര്‍ന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെക്കുകയായിരുന്നു. അതിന് പിന്നാലെ സംവിധായകരായ തുളസീദാസ്, ശ്രീകുമാര്‍ മേനോന്‍, വി.കെ പ്രകാശ് എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു.

വരും ദിവസങ്ങളില്‍ ഇനിയും ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കാവുന്നതാണ്. മലയാള സിനിമയുടെ ഭാവി തന്നെ മാറി മറയുന്ന വിധത്തിലാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍. എല്ലാ മേഖലയിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് തടിയൂരാനും സംഭവങ്ങളെ ലഘൂകരിക്കാനും പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ തുറന്നുപറച്ചിലുകള്‍ അതിനെയെല്ലാം തന്നെ നിശബ്ദമാക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമയിലെ വല്യേട്ടന്‍മാരുടെ സമാധാനമാണ് തകര്‍ന്നടിഞ്ഞത്. കാലങ്ങളായി സ്ത്രീകളെ ചൂഷണം ചെയ്ത് ജീവിച്ചുകൊണ്ടിരുന്ന വേട്ടക്കാര്‍ക്ക് ഇതൊരു താക്കീത് കൂടിയാണ്. ഒരു സ്ത്രീ സിനിമയില്‍ അഭിനയിക്കാനോ മറ്റ് തൊഴിലെടുക്കാനോ വരുക എന്നതിന് അര്‍ത്ഥം അവള്‍ എന്തിനും തയ്യാറാകുമെന്നല്ലെന്ന് ഈ ആണ്‍കോലങ്ങള്‍ മനസിലാക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. സ്ത്രീകള്‍ ആവശ്യപ്പെടുന്നത് വളരെ അടിസ്ഥാനപരമായ കാര്യമാണ്. തൊഴിലിടം സുരക്ഷിതമാകുക എന്നത് മാത്രം. അത് ഉറപ്പാക്കാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവരലും ഡബ്ല്യു.സി.സിയുടെ ഇടപെടലും കാരണമാകുമെന്ന് പ്രതീക്ഷിക്കാം.

SCROLL FOR NEXT