NEWSROOM

അയലത്തെ വീട്ടിലെ ലേഡി ഡിറ്റക്ടീവ്; രണ്ടാം വരവിൽ 50 കോടി നേട്ടവുമായി നസ്രിയ, സൂക്ഷ്മദർശിനി സൂപ്പർ ഹിറ്റിലേക്ക്

ഒരു മിസ്റ്റിക് ത്രില്ലറെങ്കിലും, പൊലീസ് ഇൻവെസ്റ്റിഗേഷനും, തെളിവെടുപ്പും, സൈക്കോ പ്രകടനങ്ങളും ഒഴിവാക്കി സിംപിളായി, രസകരമായി നടക്കുന്ന കുറ്റാന്വേഷണം. അതിന് മുൻകയ്യെടുക്കുന്ന അയലത്തെ വീട്ടിലെ ഡിറ്റക്ടീവ് സ്വഭാവമുള്ള വീട്ടമ്മയായി നസ്രിയ എത്തുന്നു.

Author : ന്യൂസ് ഡെസ്ക്


അയൽവീടുകളിലെ കാര്യങ്ങൾ നിരീക്ഷിക്കുന്നത് അത്ര നല്ലകാര്യമായിട്ടല്ല പൊതുവെ കണക്കാക്കുന്നത്. പക്ഷെ ഏറെ നിഗൂഢതകളുമായി ഒരു കുടുംബം താമസത്തിനെത്തിയാൽ ഒന്ന് നീരീക്ഷിക്കുന്നത് നല്ലതാണെന്ന മുന്നറിയിപ്പു നൽകുകയാണ് നസ്രിയയുടെ പ്രിയദർശിനി. ജിതിൻ എംസിയുടെ സംവിധാനത്തിൽ ഒരു മിസ്റ്റിക് ത്രില്ലറായെത്തിയ സൂക്ഷമദർശിനി ഇപ്പോൾ സൂപ്പർ ഹിറ്റ് അടിക്കാനൊരുങ്ങുകയാണ്. ഇതിനോടകം തന്നെ ചിത്രം 50 കോടിയിലെത്തിക്കഴിഞ്ഞു. ബോക്സോഫീസ് കളക്ഷൻ 100 കോടി കടക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.


ബാലതാരമായി സിനിമയിലെത്തി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചുപോയ താരമാണ് നസ്രിയ.തൻ്റെ രണ്ടാം വരവിൽ പ്രിയദർശിനി എന്ന വീട്ടമ്മയായി ഞെട്ടിക്കുന്ന പ്രകടനമാണ് നസ്രിയ കാഴ്ചവച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. നാലു വർഷത്തെ ഇടവേള കഴിഞ്ഞെത്തിയ താരത്തിന് മികച്ച കഥാപാത്രം തന്നൊണ് സംവിധായകൻ നൽകിയത്. സ്ഥിരം ക്യൂട്ട്നെസും, കൗതുകവും ചോർന്നുപോകാതെ തന്നെ പ്രക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കുന്ന ത്രല്ലർ സ്വഭാവവും നസ്രിയ അനായാസമായി കൈകാര്യം ചെയ്തിരിക്കുകയാണ് ചിത്രത്തിൽ.

ഒരു മിസ്റ്റിക് ത്രില്ലറെങ്കിലും, പൊലീസ് ഇൻവെസ്റ്റിഗേഷനും, തെളിവെടുപ്പും, സൈക്കോ പ്രകടനങ്ങളും ഒഴിവാക്കി സിംപിളായി, രസകരമായി നടക്കുന്ന കുറ്റാന്വേഷണം. അതിന് മുൻകയ്യെടുക്കുന്ന അയലത്തെ വീട്ടിലെ ഡിറ്റക്ടീവ് സ്വഭാവമുള്ള വീട്ടമ്മയായി നസ്രിയ എത്തുന്നു. നടനും സംവിധായകനുമായ ബേസിൽ ജോസഫ് അതിശയിപ്പിക്കുന്ന പ്രകടനം തന്നെ നടത്തിയിരിക്കുന്നു.


നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

SCROLL FOR NEXT