മലയാള സിനിമയുടെ കാരണവര്‍ എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ഇണങ്ങുന്നതും ആ പദവിക്ക് യോഗ്യനാകുന്നതും ഒരേ ഒരാള്‍ക്ക്.. നവതിയുടെ നിറവില്‍ നില്‍ക്കുമ്പോഴും സിനിമയെ കുറിച്ച് വാചാലനാകുന്ന ആ മഹാമേരുവിന് മധു എന്ന് പേര്. ആറുപതിറ്റാണ്ട് നീണ്ട അഭിനയസപര്യയില്‍ നായകനായും പ്രതിനായകനായും വെള്ളിത്തിരയില്‍ നടത്തിയത് സമാനതകളില്ലാത്ത പ്രകടനം. അഭ്രപാളിയിലെ ക്ഷുഭിത യൗവനമായി മാറിയ കഥാപാത്രങ്ങള്‍.. കറുത്തമ്മയെ പ്രണയിച്ച പരീക്കുട്ടി മലയാളി മനസിലെ നഷ്ടപ്രണയത്തിന്‍റെ പ്രതീകമാണ്. ചെയ്തുവെച്ച വേഷങ്ങള്‍ താരപദവിയിലേക്ക് ആനയിച്ചെങ്കിലും നല്ല നടന്‍ എന്ന നിലയില്‍ ഒതുങ്ങി നില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
തിരുവനന്തപുരത്തെ ഗൗരീശപട്ടത്ത് 1933 സെപ്റ്റംബർ 23നാണ് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെ മൂത്തമകനായി ആര്‍. മാധവൻ നായർ എന്ന മധു ജനിച്ചത്. എം.ജി.കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലുമായി വിദ്യാഭ്യാസം. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടി. പഠനകാലത്ത് അമച്വർ നാടക സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചു തുടങ്ങി. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നാഗർകോവിൽ ഹിന്ദു കോളേജിൽ അധ്യാപകനായെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച് ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിക്കാൻ പോയി. 1958ൽ സ്കൂൾ ഓഫ് ഡ്രാമയിൽ ആദ്യ ബാച്ചിലെത്തുന്ന ഏക മലയാളിയായിരുന്നു മധു. അവിടെ വച്ചുണ്ടായ സംവിധായകന്‍ രാമു കാര്യാട്ടുമായുള്ള അടുപ്പമാണ് ‘മൂടുപടം’ എന്ന ചിത്രത്തിലേക്ക് വഴി തുറന്നത്. എന്നാൽ ആദ്യം പുറത്തുവന്നത് ‘നിണമണിഞ്ഞ കാൽപാടുകൾ’ ആണ്. 1969ൽ ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. പില്‍ക്കാലത്ത് ബോളിവുഡിന്‍റെ താരസിംഹാസനം കയ്യടക്കിയ അമിതാഭ് ബച്ചന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു സാത്ത് ഹിന്ദുസ്ഥാനി. പിന്നീട് എണ്ണിയാലൊതുങ്ങാത്ത സിനിമകള്‍, കഥാപാത്രങ്ങള്‍. ചങ്ങമ്പുഴയുടെയും പൊറ്റക്കാടിന്‍റെയും തകഴിയുടെയും ബഷീറിന്‍റെയും പത്മരാജന്‍റെയുമൊക്കെ സാഹിത്യ സൃഷ്ടികള്‍ സിനിമയായപ്പോള്‍ പ്രധാന വേഷങ്ങളില്‍ മധു ഉണ്ടായിരുന്നു.
സത്യനും നസീറും മലയാളത്തിന്റെ നിത്യഹരിത നായകരായി സിനിമാ കൊട്ടകകളിൽ നിറഞ്ഞു നിന്ന കാലഘട്ടത്തിൽ നായകഭാവത്തിന്റെ വേറിട്ട വഴിയൊരുക്കുകയായിരുന്നു മധു. ഓളവും തീരവും, ഏണിപ്പടികൾ, ഭാർഗവീ നിലയം, ഇതാ ഒരു മനുഷ്യൻ, ഹൃദയം ഒരു ക്ഷേത്രം, ജീവിതം, പ്രായിക്കര പാപ്പാൻ, നരൻ എന്നിങ്ങനെ പല സിനിമകളില്‍ പലകാലങ്ങളിലായി മധു തിളങ്ങി. അഭിനയത്തിനൊപ്പം സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു. 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. 15 ചിത്രങ്ങൾ നിർമിച്ചു. 2004 ൽ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. 2013 ൽ പത്മശ്രീ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1965-ൽ മധുവും ജയലക്ഷ്മിയും വിവാഹിതരായി. ഉമ ഏക മകളാണ്. 2014 ജനുവരി 11-ന് ജയലക്ഷ്മി അന്തരിച്ചു.