മലയാളി വൈദികൻ മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനാഭിഷിക്തനായി. വത്തിക്കാനിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ കാർമ്മികത്വം വഹിച്ചു. പതിനായിരക്കണക്കിന് വരുന്ന വിശ്വാസി സമൂഹം ചടങ്ങിന് സാക്ഷികളായി.
ഭാരത കത്തോലിക്ക സഭയ്ക്കും സീറോമലബാർ സഭയ്ക്കും ലഭിച്ച ക്രിസ്മസ് സമ്മാനമായിരുന്നു മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനലബ്ധി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലികയിൽ ഇന്ത്യൻ സമയം 8.30ന് സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചു. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണ് മാർപ്പാപ്പ കർദിനാളായി ഉയർത്തിയത്. ക്രിസ്തുവിനോടും ക്രൈസ്തവ സഭയോടും വിശ്വാസം പുലർത്തുമെന്ന വിശ്വാസ പ്രമാണം ഏറ്റുചൊല്ലിയ ശേഷം കർദിനാൾമാർക്ക് മാർപ്പാപ്പ സ്ഥാന ചിഹ്നങ്ങൾ നൽകി അനുഗ്രഹിച്ചു. 21 പേരിൽ ഇരുപതാമനായാണ് ജോർജ് കൂവക്കാട് സ്ഥാനചിഹ്നങ്ങൾ ഏറ്റുവാങ്ങിയത്.
ALSO READ: "തലസ്ഥാനം പിടിച്ചെടുക്കാനുള്ള അവസാന ഘട്ട ശ്രമം ആരംഭിച്ചു"; സിറിയൻ തലസ്ഥാനമായ ഡമാസ്കസ് വളഞ്ഞ് വിമതർ
രക്തം കൊടുത്തും വിശ്വാസങ്ങളെ സംരക്ഷിക്കും എന്നുള്ള ഉറപ്പിന്റെ ചിഹ്നമായ ചുവന്ന തൊപ്പിയും വിശ്വസ്തതയുടെ അടയാളമായ മോതിരവുമാണ് കർദിനാൾമാർക്ക് സ്ഥാനചിഹ്നമായി നൽകുന്നത്. കൽദായ പാരമ്പര്യത്തിലുള്ള പ്രത്യേക തൊപ്പിയാണ് മാർപ്പാപ്പ ജോർജ് കൂവക്കാടിനെ ധരിപ്പിച്ചത്. 21 കർദിനാൾമാരും ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയുമൊത്ത് കുർബാന അർപ്പിക്കും.
ചടങ്ങുകൾക്ക് സാക്ഷിയാവാൻ ജോർജ് കൂവക്കാടിൻ്റെ കുടുംബവും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധി സംഘവും വത്തിക്കാനിൽ എത്തിയിരുന്നു. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉൾപ്പെടെയുള്ള സഭാ പ്രതിനിധികളും ചടങ്ങുകൾക്ക് സാക്ഷിയായി. ജോർജ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനലബ്ധി ഭാരതത്തിന് അഭിമാനകരമായ കാര്യമെന്ന് പ്രധാനമന്ത്രിയും, ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവർക്ക് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആശംസിച്ചു. വത്തിക്കാനിലെ തിരുകർമ്മങ്ങൾ ജോർജ് കൂവക്കാടിന്റെ ഇടവകയായ ചങ്ങനാശ്ശേരി മാമ്മൂട് ലൂർദ്ദ് മാതാ പള്ളിയിൽ വിശ്വാസികൾ തത്സമയം കണ്ടു.
2021 മുതൽ മാർപാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ സംഘാടകനായിരുന്ന ജോർജ് കൂവക്കാടിനെ കഴിഞ്ഞ ഒക്ടോബറിലാണ് മാർപാപ്പ കർദിനാൾ ആയി പ്രഖ്യാപിച്ചത്. നവംബർ 25ന് ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് അദ്ദേഹം മെത്രാനായി അഭിഷിക്തനായിരുന്നു. ഇന്ത്യയിൽ നിന്നും നേരിട്ട് കർദിനാൾ പദവിയിലെത്തുന്ന ആദ്യ വൈദികനെന്ന ബഹുമതിയും കൂവക്കാടിനെ തേടിയെത്തിയിരുന്നു. ഡിസംബർ 15ന് കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് ജന്മനാടായ ചങ്ങനാശ്ശേരിയിൽ മടങ്ങിയെത്തും. നാട്ടിലെത്തുന്ന കർദിനാളിന് വലിയ സ്വീകരണം ഒരുക്കാൻ തയ്യാറെടുക്കുകയാണ് ചങ്ങനാശ്ശേരി അതിരൂപതയും വിശ്വാസി സമൂഹവും.