NEWSROOM

ഇസ്രയേലിൽ മലയാളി വെടിയേറ്റു മരിച്ചു; മരിച്ചത് തുമ്പ സ്വദേശി ഗോമസ് ഗബ്രിയേൽ പെരേര

തൊഴില്‍ തേടി മൂന്ന് മാസത്തെ വിസിറ്റിങ് വിസയിൽ ജോർദാനിലാണ് ഇവർ ആദ്യം എത്തിയത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലിൽ മലയാളി വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി ഗോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. ജോർദാൻ- ഇസ്രയേൽ അതിർത്തി കടക്കുന്നതിനിടയിൽ ഫെബ്രുവരി 10നാണ് ​ഗോമസ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റ മറ്റൊരാൾ നാട്ടിൽ തിരികെയെത്തി. മേനംകുളം സ്വദേശി എഡിസനാണ് നാട്ടിലെത്തിയത്.

തൊഴില്‍ തേടി മൂന്ന് മാസത്തെ വിസിറ്റിങ് വിസയിൽ ജോർദാനിലാണ് ഇവർ ആദ്യം എത്തിയത്. ഇവിടെ നിന്ന് കരക് ഡിസ്ട്രിക് വഴി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ഗോമസ് ഉള്‍പ്പെട്ട നാലം​ഗ സംഘത്തെ സുരക്ഷ സേന തടയുകയായിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അവ​ഗണിച്ച സംഘം മുന്നോട്ട് നീങ്ങിയെന്നും അതിനെ തുടർന്നാണ് വെടിയുതിർത്തതെന്നുമാണ് അധികൃതർ പറയുന്നത്. വെടിവെപ്പിൽ തലയ്ക്ക് ബുള്ളറ്റ് തറച്ച ​ഗോമസ് അവിടെവച്ച് തന്നെ മരിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നതിൽ ഒരാൾ ശ്രീലങ്കൻ പൗരനാണ്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച മറ്റുള്ളവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല .

കട ബാധ്യത കാരണം ആണ് ഗോമസ് ഗബ്രിയേൽ പെരേര നാട് വിട്ടതെന്നാണ് കുടുംബം പറയുന്നത്. ​ഗോമസിന്റെ മൃതദേഹം ജോർദാനിലെ ആശുപത്രിയിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രിയിൽ എത്തി ​ഗോമസിന്റെ മൃതദേഹം ഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥർ തിരിച്ചറിയുമെന്ന് അറ്റാഷെ പ്രദീപ് കുമാർ കുടുംബത്തിനെ ഇമെയിൽ വഴി അറിയിച്ചു. മൃതദേഹം ​ഗോമസിന്റേതാണെന്ന് സ്ഥിരീകരിച്ചതിനു ശേഷം എത്രയും വേ​ഗം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും പ്രദീപ് കുമാറിന്‍റെ സന്ദേശത്തിൽ പറയുന്നു.

SCROLL FOR NEXT