ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ കുടിവെള്ളം കിട്ടാത്ത ഗ്രാമങ്ങളിൽ കിണറുകൾ നിർമിച്ചുനൽകി മലയാളി യൂട്യൂബർ ദിൽഷാദ്. മലപ്പുറം ചേലേമ്പ്രയ്ക്ക് അടുത്തുള്ള പാറയിൽ സ്വദേശിയായ ദിൽഷാദ് 2021ലാണ് കേരളത്തിൽ നിന്ന് ആഫ്രിക്കയിലേക്ക് ബൈക്ക് യാത്ര ആരംഭിച്ചത്. യാത്ര ഇഷ്ടവിനോദമാക്കിയ ദിൽഷാദിന് 'യാത്ര ടുഡേ' എന്നൊരു യൂട്യൂബ് പേജുമുണ്ട്.
ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് ആഫ്രിക്കയിലെത്തിയത്. യാത്രയ്ക്കിടയിൽ കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു ഗ്രാമം കാണാൻ ഇടയായ ദിൽഷാദ്, പിന്നീട് കുടിവെള്ളം കിട്ടാത്ത ഗ്രാമങ്ങളിൽ കിണറുകൾ നിർമിച്ചു നൽകാൻ പദ്ധതിയിട്ടു. രണ്ട് വർഷങ്ങൾക്ക് ശേഷം കൊടുത്ത വാക്ക് പാലിക്കാൻ വീണ്ടും ആഫ്രിക്കയിൽ തിരിച്ചെത്തി.
കെനിയയിലാണ് ആദ്യത്തെ കിണർ നിർമിച്ചുനൽകിയത്. ടാൻസാനിയയിൽ ഇതുവരെ ആറ് കിണറുകൾ നിർമിച്ച ദിൽഷാദ്, ഏഴാമത്തെയും, എട്ടാമത്തെയും കിണറിൻ്റെ നിർമാണം നടന്നു കൊണ്ടിരിക്കുകയാണെന്നും ടാൻസാനിയയിൽ 10 കിണറുകൾ നിർമിക്കലാണ് ലക്ഷ്യമെന്നും സാംബിയ, മോസാംബിക്ക്, അംഗോള, നമീബിയ എന്നിവിടങ്ങളിൽ കിണറുകൾ നിർമിക്കുമെന്നും ദിൽഷാദ് പറഞ്ഞു.
തൻ്റെ താർ ജീപ്പിൽ രണ്ട് വർഷങ്ങൾ കൊണ്ട് ഇന്ത്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ 60 രാജ്യങ്ങളോളം താണ്ടുന്ന യാത്രയിലാണ് ദിൽഷാദ് ഇപ്പോൾ.
READ MORE: നീരജിനെ പോലെ ജാവലിൻ പായിച്ചത് വെള്ളിത്തിളക്കത്തിലേക്ക്; നവദീപിനെ ഞെട്ടിച്ച് ഗോൾഡൻ സർപ്രൈസ്!