NEWSROOM

'സ്ത്രീ സുരക്ഷയെ കുറിച്ച് മോദി സർക്കാരിനോട് മൂന്ന് ചോദ്യങ്ങൾ'; ബിജെപിയെ ചോദ്യമുനയിൽ നിർത്തി മല്ലികാർജുൻ ഖാർഗെ

മണിപ്പൂരിലെ സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നത് മുതൽ ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം പരാമർശിച്ച ഖാർഗെ, ഇവർക്ക് എപ്പോൾ നീതി ലഭിക്കുമെന്നും ചോ​ദിച്ചു

Author : ന്യൂസ് ഡെസ്ക്

സ്ത്രീ സുരക്ഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യമുനയിൽ നിർത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇരയാകുന്ന സ്ത്രീകൾക്കൊപ്പമല്ല, കുറ്റവാളികൾക്കൊപ്പമാണ് ബിജെപി സർക്കാരെന്നാണ് ഖാർഗെയുടെ ആരോപണം. മണിപ്പൂരിലെ സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നത് മുതൽ ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം പരാമർശിച്ച ഖാർഗെ, ഇവർക്ക് എപ്പോൾ നീതി ലഭിക്കുമെന്നും ചോ​ദിച്ചു.


'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന കേന്ദ്രപദ്ധതിയുടെ പത്താം വാർഷികത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് നമുക്കിനിയും തുടരാമെന്ന് പ്രസം​ഗിച്ചിരുന്നു. പിന്നാലെയാണ് സ്ത്രീ സംരക്ഷത്തിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രം​ഗത്തെത്തിയത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ഇന്നുവരെ ബിജെപി സ്വീകരിച്ചിട്ടുള്ളതെന്ന് ഖാർഗെ ആരോപിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകൾക്കെതിരായ നിരവധി കുറ്റകൃത്യങ്ങളും ഖാർ​ഗെ പരാമർശിച്ചു. മണിപ്പൂരിലെ സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നത് മുതൽ ഗുസ്തി താരങ്ങളുടെ പീഡന പരാതിയടക്കം ഇതിൽ ഉൾപ്പെടുന്നു. മോദിയോട് മൂന്ന് ചോദ്യങ്ങളും ഖർ​ഗെ എക്സിൽ ഉന്നയിച്ചു.

പെൺമക്കളെ രക്ഷിക്കുന്നതിനു പകരം കുറ്റവാളികളെ സംരക്ഷിക്കുന്ന നയം ബിജെപി സ്വീകരിക്കുന്നത് എന്തുകൊണ്ട്? മണിപ്പൂരിലെ സ്ത്രീകൾക്കും ഹഥ്റസിലെ ദളിത് പെൺകുട്ടിക്കും ഉന്നാവോ പെൺകുട്ടിക്കും രാജ്യത്തിൻ്റെ അഭിമാനമായ ​ഗുസ്തി താരങ്ങൾക്കും എപ്പോൾ നീതി ലഭിക്കും? ഇതായിരുന്നു ആദ്യ ചോദ്യം.

ചോദ്യം രണ്ട്; ഓരോ മണിക്കൂറിലും രാജ്യത്ത് 43 സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ട്? ദുർബലരായ ദളിത്-ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ദിനംപ്രതി 22 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മോദിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ ഇത്രയധികം വ്യത്യാസം എന്താണ്?

'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിക്കായി 2019 വരെ അനുവദിച്ച തുകയുടെ 80% മാധ്യമ പരസ്യത്തിനായി മാത്രം ചെലവഴിച്ചതിൻ്റെ കാരണം എന്താണ്? പദ്ധതിയുമായി ബന്ധപ്പെട്ട ഡാറ്റ മറച്ചുവെക്കുന്നത് എന്തിന്? കഴിഞ്ഞ 11 വർഷത്തിനിടെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് വേണ്ടിയുള്ള ബജറ്റ് വെട്ടി കുറച്ചതെന്തിന്? ഇങ്ങനെ മൂന്ന് ചോദ്യങ്ങളാണ് ഖാർഗെ ബിജെപി സർക്കാരിന് നേരെ ഉന്നയിച്ചത്.

SCROLL FOR NEXT