കാസര്‍ഗോഡ് കളക്ടര്‍ കെ. ഇമ്പശേഖരന്‍ 
NEWSROOM

"അവധിയില്‍ അധ്യയനം മാത്രമല്ല മുടങ്ങുക; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണവും പോഷകാഹാരവും മുടങ്ങും"

പശ്ചാത്തല സൗകര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന ജില്ലയിലെ മലയോരമേഖലയിലെ പല കുടുംബങ്ങളിലെയും കുട്ടികളിൽ പോഷാകാഹാര കുറവ് കണ്ടെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കനത്ത മഴയുടെ പേരില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കിയാല്‍ അധ്യയം മാത്രമല്ല മുടങ്ങുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണവും പോഷകാഹാരവും മുടങ്ങുമെന്ന് ഓര്‍മപ്പെടുത്തി കാസര്‍ഗോഡ് ജില്ല കളക്ടര്‍. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കിയാല്‍ അക്കാദമിക് കലണ്ടറിനെ ബാധിക്കുമെന്ന മുഖവുരയോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കളക്ടര്‍ ഇമ്പശേഖരന്റെ ഓര്‍മപ്പെടുത്തല്‍.

അക്കാദമിക് കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസങ്ങളാണ്. പ്രഖ്യാപിച്ച അവധികൾ നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയില്ല. കഴിഞ്ഞ നാലു ദിവസമായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇടക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ബാധിക്കും, കാരണം അവരുടെ ക്ലാസുകൾക്ക് പുറമെ ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടും. ധാരാളം കോളുകൾ ലഭിക്കുന്നു. എന്നാൽ അത്തരത്തിലുള്ള അപകടകരമായ സാഹചര്യമല്ല. പ്രാദേശിക പ്രശ്‌നങ്ങൾ എവിടെയുണ്ടെങ്കിലും നമുക്ക് നടപടിയെടുക്കാം - എന്നായിരുന്നു കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പശ്ചാത്തല സൗകര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന ജില്ലയിലെ മലയോരമേഖലയിലെ പല കുടുംബങ്ങളിലെയും കുട്ടികളിൽ പോഷാകാഹാര കുറവ് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് ഇത് അംഗീകരിച്ചിരുന്നില്ല. അതിനിടെ വന്ന കളക്ടറുടെ ഫേസ്ബുക്ക് വലിയ ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്.

SCROLL FOR NEXT