മമത ബാനർജി 
NEWSROOM

മൈക്ക് ഓഫ് ചെയ്‌തെന്ന് മമത ബാനര്‍ജി; നീതി അയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്നും മമത ബാനര്‍ജി

Author : ന്യൂസ് ഡെസ്ക്

നീതി അയോഗ് യോഗത്തില്‍ നടകീയ രംഗങ്ങള്‍. ഡല്‍ഹിയില്‍ നടക്കുന്ന നിതി അയോഗിന്റെ ഒമ്പതാം ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. സംസാരിക്കാന്‍ അനുവദിച്ചില്ല, മൈക്ക് ഓഫ് ചെയ്തു എന്ന് ആരോപിച്ചാണ് മമതയുടെ ഇറങ്ങിപ്പോക്ക്. അപമാനിക്കപ്പെട്ടത് കൊണ്ട് ഇറങ്ങി പോകുന്നുവെന്നാണ് വിശദീകരണം. പ്രതിപക്ഷത്തു നിന്ന് മമത മാത്രമാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. 


പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ യോഗത്തില്‍ വെറും അഞ്ച് മിനുട്ട് മാത്രമാണ് തന്നെ സംസാരിക്കാന്‍ അനുവദിച്ചത്. തനിക്ക് മുമ്പ് സംസാരിച്ചവര്‍ പത്തും ഇരുപതും മിനുട്ടും എടുത്തിരുന്നു. എന്നാല്‍ കൂടുതല്‍ സംസാരിക്കാനുണ്ടായിരുന്നെങ്കിലും തന്റെ മൈക്ക് ഓഫ് ചെയ്തു. സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്നും മമത ബാനര്‍ജി വിമര്‍ശിച്ചു.

പ്രതിപക്ഷത്തു നിന്ന് യോഗത്തില്‍ പങ്കെടുക്കുന്നത് താന്‍ മാത്രമായിരുന്നു. എന്നിട്ടു പോലും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇത് അപമാനിക്കലാണെന്ന് പറഞ്ഞാണ് മമത യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. കേന്ദ്ര ബജറ്റിലെ അവഗണനയെ തുടര്‍ന്ന് നിതി അയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തില്ല.

പ്രതിപക്ഷ നേതാക്കളില്‍ മമത ബാനര്‍ജി മാത്രമായിരുന്നു യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. പൊതുവേദിയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ഉയരണമെന്ന് വ്യക്തമാക്കിയായിരുന്നു മമതയുടെ തീരുമാനം.

2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനാണ് യോഗം ഊന്നല്‍ നല്‍കുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

SCROLL FOR NEXT