NEWSROOM

സിബിഐ അന്വേഷണം വേണം; എഡിജിപിയുടെ അന്വേഷണത്തിൽ വിശ്വാസക്കുറവുണ്ട്; മാമിയുടെ സഹോദരി

പൊലീസ് കേസ് അട്ടിമറിച്ചെന്നും റംല ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് സിബിഐ അന്വേഷിക്കുന്നതിൽ പ്രതികരണവുമായി മാമിയുടെ സഹോദരി റംല. സിബിഐ അന്വേഷണം കുടുംബത്തിൻ്റെ ആവശ്യം ആയിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. പൊലീസ് കേസ് അട്ടിമറിച്ചെന്നും റംല ആരോപിച്ചു.

ഒരു ദൃശ്യം പോലും കണ്ടെത്താൻ പൊലിസിന് കഴിഞ്ഞില്ല. കേസ് വഴിത്തിരിവിൽ എത്തിനിൽക്കെയാണ് സിബിഐക്ക് കൈമാറുന്നത് എന്ന വാദം തെറ്റാണെന്നും സഹോദരി പറഞ്ഞു. എഡിജിപി നിയോഗിച്ച സംഘം കേസ് അന്വേഷിച്ചതിൽ വിശ്വാസ്യതക്കുറവുണ്ട്. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ കുടുംബത്തെ ഞെട്ടിച്ചെന്നും റംല പറഞ്ഞു.

ALSO READ: മാമി തിരോധാനക്കേസ് സിബിഐക്ക് വിടും; ഡിജിപിക്ക് റിപ്പോർട്ട് കൈമാറി അന്വേഷണം സംഘം

കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്നാണ് മാമിയുടെ കുടുംബം നേരത്തെയും ആരോപണമുന്നയിച്ചിരുന്നു. മാമിയെ കാണാതായ കേസിൽ അജിത് കുമാറിനെ സംശയിക്കുന്നതായും മാമിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കടക്കം കുടുംബം പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷം കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

2023 ഓഗസ്റ്റ് 22നാണ് കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്. ഓഗസ്റ്റ് 21ന് കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലുള്ള അപ്പാർട്ട്മെന്‍റില്‍ നിന്നും ഇറങ്ങിയ ശേഷം ബന്ധുക്കൾ മാമിയെ കണ്ടിട്ടില്ല. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മാമി ഉണ്ടായിരുന്നതിന്‍റെ തെളിവ് ലഭിച്ചിരുന്നു.

ഇവിടെ നിന്നും അന്വേഷണം അക്ഷരാർഥത്തില്‍ വഴിമുട്ടി. കോഴിക്കോട് ജില്ലയില്‍ മൊബൈല്‍ ടവർ പരിശോധന അടക്കം നടത്തിയെങ്കിലും അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടായില്ല. പിന്നീട് അന്വേഷണം പല ഘട്ടത്തിലും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. നിലമ്പൂർ എംഎല്‍എ അന്‍വറിന്‍റെ ആരോപണങ്ങളാണ് മാമിയുടെ തിരോധാനം വീണ്ടും ചർച്ചാവിഷയമാക്കിയത്.

SCROLL FOR NEXT