NEWSROOM

നിറകണ്ണുകളോടെ മോഹന്‍ലാലും മമ്മൂട്ടിയും; കവിയൂര്‍ പൊന്നമ്മയെ ഒരു നോക്കുകാണാനെത്തി സിനിമയിലെ മക്കള്‍

അഭ്രപാളിയില്‍ പലകുറി ഇരുവര്‍ക്കും അമ്മയായി മാറിയ പൊന്നമ്മ ചേച്ചിയെ കാണാന്‍ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയ നിമിഷം തീര്‍ത്തും വൈകാരികമായിരുന്നു.

Author : ന്യൂസ് ഡെസ്ക്



അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്കുകാണാന്‍ കളമശേരി ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍. വെള്ളിത്തിരയില്‍ മലയാള സിനിമയുടെ മാതൃഭാവമായിരുന്ന കവിയൂര്‍ പൊന്നമ്മയുടെ ഭൗതികശരീരം കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ എത്തി. അഭ്രപാളിയില്‍ പലകുറി ഇരുവര്‍ക്കും അമ്മയായി മാറിയ പൊന്നമ്മ ചേച്ചിയെ കാണാന്‍ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയ നിമിഷം തീര്‍ത്തും വൈകാരികമായിരുന്നു.

താന്‍ പ്രസവിക്കാത്ത മകന്‍ എന്നാണ് മോഹന്‍ലാലിനെ കവിയൂര്‍ പൊന്നമ്മ വിശേഷിപ്പിച്ചിരുന്നത്. സിനിമ കണ്ടിട്ട് മോഹന്‍ലാല്‍ തന്റെ മകനാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് കവിയൂര്‍ പൊന്നമ്മ തന്നെ പറഞ്ഞിട്ടുണ്ട്.

മകന്‍ സ്വപ്നം കണ്ട ജീവിതം കൈവിട്ടു പോകുന്നത് നിസഹായതയോടെ കാണേണ്ടിവരുന്ന നിര്‍ഭാഗ്യവതിയായ ഒരു അമ്മ. സേതുമാധവനും പൊലീസുകാരനായ അച്ഛനും അനുഭവിച്ച വേദന ആഴത്തില്‍ വീണു പതിഞ്ഞുകിടക്കുന്നതു കിരീടത്തിലെ ആ അമ്മയിലാണ്.

തനിയാവര്‍ത്തനത്തിലെ ഭ്രാന്തനായ മകന്‍ ബാലന് ചോറില്‍ വിഷം കലര്‍ത്തി നല്‍കുമ്പോള്‍ ഉള്ളുപിടയുന്ന അമ്മയുടെ നൊമ്പരം പ്രേക്ഷകനെ വിസ്മയിപ്പിച്ചത് മമ്മൂസിന്‍റെ പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയിലൂടെയായിരുന്നു. അങ്ങനെ എത്രയെത്ര മാതൃഭാവങ്ങള്‍.

കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയവെ എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. കളമശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ ആലുവയിലെ വീട്ടുവളപ്പില്‍ കവിയൂര്‍ പൊന്നമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കും. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ കവിയൂർ പൊന്നമ്മ 700ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1945 സെപ്തംബര്‍ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ ആണ് ജനനം. അന്തരിച്ച പ്രശസ്ത സിനിമ-നാടക നടിയായിരുന്ന കവിയൂര്‍ രേണുക സഹോദരിയാണ്.

അവസാന നാളുകളില്‍ പറവൂര്‍ കരിമാളൂരിലെ വീട്ടില്‍ സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു കവിയൂര്‍ പൊന്നമ്മ താമസിച്ചിരുന്നത്. സിനിമ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭര്‍ത്താവ്. ഏക മകള്‍ ബിന്ദു. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. കെപിഎസിയുടെ ഗായികയായിട്ടാണ് അരങ്ങത്തേക്ക് എത്തിയത്.

SCROLL FOR NEXT