ചെന്നൈ: ധനുഷ് ചിത്രം 'ഓം ചാപ്റ്റര്‍ 1: ഉദിര'ത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ. നടന്റെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ബർമ കാർത്തികേയൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.
നേരത്തെ പുറത്തുവിട്ട സിനിമയിലെ 'അലാകാ ലൂവ' എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയിൽ രണ്ട് ഷോട്ടിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണിച്ചിരുന്നു. വെള്ള ഷർട്ടും മുണ്ടും ധരിച്ച്, നിറഞ്ഞ ചിരിയുമായി വീഡിയോയുടെ അവസാന ഭാഗത്താണ് മമ്മൂട്ടിയെ അവതരിപ്പിച്ചത്. പശ്ചാത്തലത്തിൽ 'തെറിക്കിത് സിയാ എൻട്രി' എന്ന വരികളും. ഈ ഭാഗം സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശിവകാർത്തികേയൻ നായകനായ 'അമരൻ' എന്ന സൂപ്പർ ഹിറ്റിന് ശേഷം ദേശീയ അവാർഡ് ജേതാവ് രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓം'. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. മമ്മൂട്ടിക്ക് പുറമേ നസീറുദ്ദീന്‍ ഷായും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 32 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും സ്ക്രീനിൽ ഒന്നിക്കുന്നത്.
സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ശ്രീലീലയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർടേക്ക് സ്റ്റുഡിയോസുമായി ചേർന്ന് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വുന്ദർബാർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സെൻസേഷണൽ മ്യൂസിക് ഡയറക്ടർ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം. ഒക്ടോബർ 16ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.