കൈരളി ടിവി ചെയർമാൻ മമ്മൂട്ടി താമസിയാതെ സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സിപിഎം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്.എംഎൽഎ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സിപിഎം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലിം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബിജെപിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി.കെ.ടി. ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണെന്നും ചെറിയാൻ ഫിലിപ്പ് അറിയിച്ചു.അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Also Read: സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു: പിണറായി വിജയൻ
പല ഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.