NEWSROOM

മയിലിനെ കൊന്നു കറിവെച്ചു; കണ്ണൂരിൽ മധ്യവയസ്കൻ അറസ്റ്റിൽ

റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോമസ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂരിൽ മയിലിറച്ചിയുമായി മധ്യവയസ്കൻ വനം വകുപ്പിൻ്റെ പിടിയിൽ. ഏരുവേശി ചുണ്ടപ്പറമ്പ് സ്വദേശി തോമസ് എന്ന ബാബുവിനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വീട്ടുവളപ്പിൽ എത്തിയ മയിലിനെ തോമസ് കമ്പ് കൊണ്ടെറിഞ്ഞ് പിടികൂടിയ ശേഷം കൊല്ലുകയായിരുന്നു. പാചകം ചെയ്യുന്നതിനായി ഇറച്ചി എടുത്ത ശേഷം മയിലിൻ്റെ അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗിക്കാത്ത കിണറിൽ തള്ളുകയും ചെയ്തു.

റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. രതീശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോമസ് പിടിയിലായത്. തുടർന്ന് ശ്രീകണ്ഠാപുരം ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എ.കെ. ബാലൻ്റെ നേതൃത്വത്തിൽ തോമസിനെ അറസ്റ്റ് ചെയ്തു. പ്രതിയെ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ചു. പ്രതിയുടെ വീടിന് സമീപത്തെ റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ നിന്ന് മയിലിൻ്റെ അവശിഷ്ടങ്ങളും, വീട്ടിൽ കവറിലാക്കി സൂക്ഷിച്ച നിലയിൽ 860 ഗ്രാം മയിലിറച്ചിയും കണ്ടെത്തി.

SCROLL FOR NEXT