ഉത്തർപ്രദേശിലെ അംറോഹയിൽ സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് നവവധുവായ യുവതിയെ ഭർത്താവ് തല്ലിക്കൊന്നു. ബൈഖേദ ഗ്രാമവാസിയായ സുന്ദറാണ് ഭാര്യ മീനയെ കൊലപ്പെടുത്തിയത്. മൂന്ന് ലക്ഷം രൂപയും ടിവിഎസ് അപ്പാച്ചെ ബൈക്കും സ്ത്രീധനമായി നൽകിയില്ലെന്ന് പറഞ്ഞ് ഇയാൾ മീനയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് വർഷം മുൻപാണ് സുന്ദറും മീനയും വിവാഹിതരാവുന്നത്. അന്ന് മുതൽക്കേ ഇയാൾ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ഇക്കാര്യം വീട്ടിലറിയിച്ചതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൊഹാർക്കയിലെ പിതാവിൻ്റെ വീട്ടിലായിരുന്നു മീന താമസിച്ചിരുന്നത്. സുന്ദർ എല്ലാ ദിവസവും അവളെ കാണാറുണ്ടായിരുന്നു എന്നും അവളുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടെന്നും ഒരു കുടുംബാംഗം പറഞ്ഞു. ഞായറാഴ്ച രായോടെത്രി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ, മീനയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
വീട്ടിലെത്തിയതോടെ സ്‌ത്രീധനത്തിൻ്റെ പേരിൽ ഇയാൾ വീണ്ടും യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വടി കൊണ്ട് മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കൊലപാതക വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി.
മീനയുടെ പിതാവ് വിജയ് ഖഡക് ബൻഷി സുന്ദറിനും അമ്മയ്ക്കും സഹോദരിക്കും മറ്റു നാല് പേർക്കുമെതിരെ പരാതി നൽകി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.