NEWSROOM

സുവർണ ക്ഷേത്ര പരിസരത്ത് വെടിവെപ്പ്; അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ക്ഷേത്രത്തിൽ മതപരമായ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് സുഖ്ബീറിനു നേരെ അക്രമം ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്

ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം. അമൃത്‍സറിലെ സുവർണ്ണ ക്ഷേത്രത്തിനുള്ളിൽവച്ചാണ് വധശ്രമമുണ്ടായത്. രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ അക്രമി വെടിയുതിർത്തത്. അക്രമിയെ പൊലീസ് പിടികൂടി.

കനത്ത സുരക്ഷാ വീഴ്ചയാണ് ക്ഷേത്ര പരിസരത്ത് ഉണ്ടായത്. ക്ഷേത്രത്തിൽ മതപരമായ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് സുഖ്ബീറിനു നേരെ അക്രമം ഉണ്ടായത്. സുവര്‍ണ ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിനരികിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്ന സുഖ്ബീര്‍ സിങിനുനേരെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുമായെത്തിയ അക്രമി ഇയാൾക്കുനേരെ വെടിയുതിർത്തെങ്കിലും, ഉന്നം പിഴയ്ക്കുകയായിരുന്നു.

 അക്രമത്തിന് ശേഷം പ്രതി ഓടി പോകാൻ ശ്രമിച്ചുവെങ്കിലും, ക്ഷേത്രപരിസരത്തുണ്ടായവർ ചേർന്ന്  പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രവേശന കവാടത്തിന്‍റെ ചുവരിലാണ് വെടിയുണ്ടകള്‍ ചെന്നു പതിച്ചതെന്നും ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

SCROLL FOR NEXT