ഇടുക്കി പീരുമേട് പ്ലാക്കതടത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ അഖിൽ ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ മരണം കൊലപാതകമെന്നാണ് പൊലീസിന്‍റെ സംശയം. ചൊവ്വാഴ്ച രാത്രിയാണ് അഖിലിനെ വീടിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. അഖിലിന്‍റെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
അഖിലിന്റെ വീട്ടിൽ മദ്യപാനവുമായി ബന്ധപ്പെട്ട് നിരന്തരം വാക്കേറ്റങ്ങൾ നടന്നിട്ടുള്ളതായി സമീപവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് .മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ മരണം സംഭവിച്ചതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.അഖിലിന്റെ വീട്ടിൽ ഡോഗ് സ്ക്വാഡ്, വിരൽ അടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി. യുവാവിന്‍റെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മറ്റു ബന്ധുക്കൾക്ക് വിട്ടു നൽകി.