ബെംഗളൂരു മെട്രോയിലെ വനിതാ യാത്രികരുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഹസ്സൻ സ്വദേശിയായ ദിഗന്ത് എന്ന യുവാവാണ് അറസ്റ്റിലായത്. 'ബെംഗളൂരൂ മെട്രോ ക്ലിക്സ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ യാത്രക്കാരികളുടെ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചിരുന്നത്. 27കാരനായ ദിഗന്തിനെതിരെ ബുധനാഴ്ചയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Also Read: "ഭാഷാപരമായ പിഴവ്": കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ വീണ്ടും ക്ഷമാപണവുമായി ബിജെപി മന്ത്രി
മുരുഗേഷ്പാളയത്തിലുള്ള സ്വകാര്യ കമ്പനിയിലെ അക്കൗണ്ടസ് വിഭാഗം ജീവനക്കാരനാണ് അറസ്റ്റിലായ ദിഗന്ത്. ബെംഗളൂരുവിലെ തിഗലരപാളയത്ത് താമസിച്ചിരുന്ന ദിഗന്ത്, മെട്രോ വഴി ജോലിക്ക് പോയിവരും വഴിയാണ് സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയതെന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്), ലോകേഷ് ബി ജഗലാസർ പറയുന്നത്. ഏതൊക്കെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് ഇയാൾ ചിത്രങ്ങൾ പങ്കുവെച്ചിരുന്നതെന്ന വിവരങ്ങൾ ശേഖരിച്ചതായി പൊലീസ് പറയുന്നു. ഇതിന് പണം ലഭിച്ചിരുന്നുവോയെന്നും അന്വേഷിച്ചു. ഇയാൾ ഒറ്റയ്ക്കാണോ അതോ എതെങ്കിലും സംഘത്തിന്റെ ഭാഗമായാണോ പ്രവർത്തിച്ചിരുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ദിഗന്തിന്റെ ബെംഗളൂരു മെട്രോ ക്ലിക്സ് എന്ന ഇൻസ്റ്റഗ്രാം പേജിന് 5,000ൽ അധികം ഫോളോവേഴ്സുണ്ട്. ഈ പേജിൽ ട്രെയിനുള്ളിലും പ്ലാറ്റ്‌ഫോമിലും നിൽക്കുന്ന നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളതായി കാണാം. ഒരു എക്സ് യൂസർ ഈ അക്കൗണ്ട് ഫ്ലാഗ് ചെയ്തതിനെ തുടർന്നാണ് വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ എഫ്‌ഐആർ ഫയൽ ചെയ്യുകയും അക്കൗണ്ടിലെ എല്ലാ ഫോട്ടോകളും ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കുകയും ചെയ്തു.