മുൻ അമേരിക്കൻ പ്രസിഡൻ്റും റിപബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിൻ്റെ റാലിക്കിടെ തോക്കുധാരിയെ പിടികൂടി പൊലീസ്. കാലിഫോർണിയയിലെ കോച്ചെല്ലയിൽ നടന്ന റാലിക്ക് സമീപത്തു നിന്നാണ് തോക്കുകളുമായി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 49 കാരനായ ലാസ് വേഗസ് നിവാസിയായ വെം മില്ലറാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ വ്യാജ വിഐപി പാസ് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ട്രംപിന് നേരെയുള്ള മൂന്നാമത്തെ വധശ്രമമാണോ ഇതെന്നാണ് പൊലീസിൻ്റെ സംശയം.
ALSO READ: ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ്; അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു
വലതുപക്ഷ-സർക്കാർ വിരുദ്ധ സംഘടനയുടെ ഭാഗമാണ് വെം മില്ലർ എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പിടികൂടിയ സമയത്ത് ഇയാളുടെ കൈവശം രണ്ട് തോക്കുകളും ഒരു മാഗസിനും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഒരു പരമാധികാര പൗരനായാണ് മില്ലർ സ്വയം കരുതുന്നതെന്ന് പൊലീസ് മേധാവി ഷാഡ് ബിയാൻകോ പറഞ്ഞു. അതേസമയം, ട്രംപിൻ്റെ റാലിയുടെ സുരക്ഷിതത്വത്തെ ഈ ആക്രമണ ശ്രമം ബാധിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇത് മൂന്നാം തവണയാണ് ട്രംപിന് നേരെ വധശ്രമം നടക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ പ്രചരണ റാലിയില്‍ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. പ്രസംഗിക്കുമ്പോള്‍ ട്രംപിന്‍റെ വലതു ചെവിക്ക് വെടിയേല്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയ തോമസ് മാത്യൂ ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി.
പിന്നാലെ ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍ര്‍നാഷണല്‍ ഗോൾഫ് ക്ലബിലും ട്രംപിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. റയാൻ റൗത്ത് എന്നയാളാണ് അറസ്റ്റിലായത്. കുറ്റിച്ചെടികൾക്ക് ഇടയിൽ ഒളിച്ചിരുന്ന റയാൻ റൗത്ത് വെടിയുതിർത്തതിന് പിന്നാലെ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.