ധന്യ മോഹൻ 
NEWSROOM

ധന്യയുടെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തറിഞ്ഞത് മൈക്രോസോഫ്റ്റ് തകരാറിനെ തുടര്‍ന്ന്

ധനകാര്യ സ്ഥാപനത്തിന്റെ സോഫ്റ്റ് വെയര്‍ ഡെവലപ്പ് ചെയ്ത ടീമില്‍ ധന്യയും ഉണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്

വലപ്പാട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയ ധന്യ മോഹനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡിവൈഎസ്പി വികെ രാജു, വലപ്പാട് സിഐ എം.കെ. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

ജുലൈ 19 ന് ലോകവ്യാപകമായി മൈക്രോസോഫ്റ്റ് തകരാറിലായിരുന്നു. ധന്യ മോഹന്റെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തറിഞ്ഞതും മൈക്രോസോഫ്റ്റിന്റെ തകരാറിനെ തുടര്‍ന്നാണ്. ധനകാര്യ സ്ഥാപനത്തിന്റെ സോഫ്റ്റ് വെയര്‍ ഡെവലപ്പ് ചെയ്ത ടീമില്‍ ധന്യയും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ, സോഫ്റ്റ് വെയറിന്റെ അപാകതകളെ കുറിച്ചും ധന്യയ്ക്ക് അറിയാമായിരുന്നു. ഇതും തട്ടിപ്പ് നടത്താന്‍ ധന്യ ഉപയോഗിച്ചു.


സ്ഥാപനം നല്‍കിയിരുന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണിന്റെ പലിശയിനത്തിലെ തുക വകമാറ്റിയാണ് ധന്യ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നും സ്വന്തം പേരിലുള്ള അഞ്ച് അക്കൗണ്ടുകളിലേക്കും അവിടെ നിന്ന് ബന്ധുക്കളുടെ അക്കൗണ്ടിലേക്കുമാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്.

അക്കൗണ്ട് ട്രാന്‍സാക്ഷന്‍, പണ വിനയോഗം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. സ്വന്തം പേരില്‍ അഞ്ച് അക്കൗണ്ടുകള്‍ ധന്യയ്ക്ക് ഉണ്ടായിരുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. ഭര്‍ത്താവിന്റെയും പിതാവിന്റെയും അടക്കം 8 അക്കൗണ്ടുകളിലായാണ് ഇവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ഈ അക്കൗണ്ടുകള്‍ക്ക് കേന്ദ്രീകരിച്ച് അഞ്ചുവര്‍ഷത്തിനിടെ 8000 തവണകളിലായാണ് പ്രതി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയത്.

ജുലൈ 23 നാണ് സ്ഥാപനം ധന്യയ്‌ക്കെതിരെ പരാതി നല്‍കിയത്. 80 ലക്ഷം രൂപയുടെ തട്ടിപ്പായിരുന്നു ആദ്യം കണ്ടെത്തിയത്. വിശദപരിശോധനയിലാണ് 19.94 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായത്. പിടിയിലാവും എന്ന ഘട്ടത്തില്‍ ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് ഓഫീസില്‍ നിന്നും പോയത്. ഇതിനു പിന്നാലെ ധന്യയും കുടുംബവും ഒളിവിലായിരുന്നു. ഇന്നലെ വാര്‍ത്ത വന്നതിനു പിന്നാലെ വൈകിട്ടോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.



SCROLL FOR NEXT