NEWSROOM

കുഞ്ഞിനെ കൊല്ലേണ്ടി വന്ന അമ്മയ്ക്ക് രഹസ്യ ശിക്ഷ നൽകി ഭർത്യ കുടുംബം

തൻ്റെ നാലും ഒന്നരയും വയസ് പ്രായമുള്ള കുഞ്ഞുങ്ങളെ കൈകാലുകൾ ബന്ധിച്ച് ബക്കറ്റ് വെള്ളത്തിൽ മുക്കി ജീവൻ പോയെന്നുറപ്പിച്ചു ആത്മഹത്യക്ക് ശ്രമിച്ചു

Author : ഫൗസിയ മുസ്തഫ


ഹോർമോൺ വ്യതിയാനങ്ങൾ മാത്രമല്ല, ദാമ്പത്യ കലഹം, ഭർത്താവിൻ്റെ മദ്യപാനം, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങി ചിലപ്പോഴൊക്കെ ചെറിയ ശബ്ദങ്ങൾ പോലും പോസ്റ്റ്‌ പാർട്ടം ഡിപ്രഷന് കാരണമാകും. ഇത്തരം പ്രശ്നങ്ങൾ അതിൻ്റെ രൗദ്രഭാവം പൂണ്ടു കുഞ്ഞുങ്ങളുടെ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന സംഭവങ്ങൾ നിരവധിയാണ്.

2018 മെയ്‌ 15, കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷൻ, FIR നമ്പർ - 202/2018

കുടുംബപ്രശ്നങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയ ദിവസം. നരിപ്പറ്റ സ്വദേശി സഫൂറ പുറമേരി സ്വദേശിയായ ഭർത്താവ് ഖൈസിന്റെ വീട്ടിൽ വെച്ച് തൻ്റെ നാലും ഒന്നരയും വയസ് പ്രായമുള്ള കുഞ്ഞുങ്ങളെ കൈകാലുകൾ ബന്ധിച്ച് ബക്കറ്റ് വെള്ളത്തിൽ മുക്കി ജീവൻ പോയെന്നുറപ്പിച്ചു ആത്മഹത്യക്ക് ശ്രമിച്ചു.

പക്ഷേ വിധി മറ്റൊന്നായിരുന്നു... മൂത്ത മകൾ ഇൻഷാ ലാമിയ മരണപ്പെട്ടു. ഒന്നര വയസ്സുള്ള മകൻ അമാൻ സയാനും സഫൂറയും അതിജീവിച്ചു. പക്ഷേ പിന്നീടുള്ള ജീവിതം മരണത്തേക്കാൾ ദാരുണമായിത്തീർന്നു. കാരണം കൊലപാതകക്കേസിൽ നിന്നും ഊരിപ്പോരാൻ ഭർത്താവ് ഖൈസിൻ്റെ നിർബന്ധപ്രകാരം രാജ്യത്ത് നിലവിലില്ലാത്ത ഒരു വ്യവസ്ഥയിൽ സഫൂറ ഒപ്പുവെച്ച് വിവാഹമോചനം നൽകാൻ നിർബന്ധിതയായി.

സ്വബോധത്തിലാണോ ആ കൃത്യം നടത്തിയതെന്ന് വീണ്ടും ചോദിക്കേണ്ടി വന്ന നിസ്സഹായ നിമിഷം. സംഭവശേഷം ആറ് മാസത്തോളം സഫൂറ കുതിരവട്ടം, മലപ്പുറം എന്നിവിടങ്ങളിൽ ചികിത്സ തേടി. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കും. വെറും ഏഴു കിലോമീറ്റർ അപ്പുറം ജീവിക്കുന്ന തൻ്റെ മകൻ ഇപ്പോൾ ഏത് രൂപത്തിൽ ഇരിക്കുന്നു എന്ന് പോലും അറിയാത്ത അമ്മയുടെ വേദന ആരുടേയും നെഞ്ചകം പൊളിക്കും.

സംഭവ ശേഷം മൂന്ന് മാസത്തിനുള്ളിൽ പുനർവിവാഹിതനായ ഖൈസിന് ഇപ്പോൾ രണ്ടു കുട്ടികളായി. തനിക്ക് വന്നു ചേർന്ന സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഒപ്പ് വെക്കേണ്ടി വന്ന അനീതി പരിഹരിക്കാൻ, മകനെ വഴിയിൽ വെച്ചെങ്കിലും കാണാൻ സഫൂറ എന്ന അമ്മ പല ശ്രമങ്ങളും നടത്തി നോക്കി. ഫലം വിഫലം.

വാർത്തയുടെ മുഴുവൻ വിശദാംശങ്ങളും അറിയാൻ ന്യൂസ് മലയാളത്തിൻ്റെ ഈ വീഡിയോ സ്റ്റോറി കാണാം...

SCROLL FOR NEXT