NEWSROOM

കേരളാ പൊലീസും കൈവിട്ടു; അമ്മയുടെ അവസാന ആഗ്രഹവും നിഷേധിച്ച് പൊലീസും കോടതിയും

കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയേറെയുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളിലൊന്നില്‍ താത്കാലികമായെങ്കിലും കുഞ്ഞിനെ തന്നില്‍ നിന്നും മാറ്റാന്‍ സഹായമഭ്യര്‍ത്ഥിച്ചു ദിവ്യ കേരള പോലീസിനെ വിളിച്ചു...

Author : ഫൗസിയ മുസ്തഫ

കൊല്ലം ടി.കെ.എം കോളേജില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പിജിയും ബിഎഡും പാസായ ശേഷമാണ് കുണ്ടറ സ്വദേശി ദിവ്യ വിവാഹിതയായത്. പ്രസവശേഷം കൊട്ടാരക്കരയിലെ ഭര്‍തൃവീട്ടില്‍ കഴിയുമ്പോഴാണ് തനിക്ക് കാര്യമായ പെരുമാറ്റവൈകല്യങ്ങള്‍ മാറിമറിഞ്ഞു വരുന്നതായി അനുഭവപ്പെട്ടത്.

ഉറക്കമില്ലായ്മയ്‌ക്കൊപ്പം ആത്മഹത്യാശ്രമം, കുഞ്ഞിനെ ഉപദ്രവിക്കല്‍ തുടങ്ങിയ ദുഷ്പ്രവണതകള്‍ കൂടി ഉടലെടുത്തതോടെ ഡോക്ടറെ കണ്ടു. പെരിനാറ്റല്‍ സൈക്കോസിസിന്റെ ആരംഭമായിരുന്നു അത്. മരുന്നും തുടങ്ങി. എന്നിരുന്നാലും ചില നേരങ്ങളില്‍ കുഞ്ഞിന്റെ കരച്ചില്‍ അസഹനീയമാകുന്ന നിമിഷങ്ങള്‍ ഏറി വന്നു. കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയേറെയുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളിലൊന്നില്‍ ദിവ്യ താത്കാലികമായെങ്കിലും കുഞ്ഞിനെ തന്നില്‍ നിന്നും മാറ്റാന്‍ സഹായമഭ്യര്‍ഥിച്ചു കേരള പൊലീസിനെ വിളിച്ചു.


പക്ഷേ, പിങ്ക് പൊലീസ് വീട്ടിലെത്തി ദിവ്യയെ ഉപദേശിച്ച് മടങ്ങി. അതിന്റെ മൂന്നാം ദിവസം, കുഞ്ഞിന്റെ കരച്ചില്‍ അസഹനീയമായ ഏതോ നിമിഷത്തില്‍ ദിവ്യ മൂന്നര മാസമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി. ഒമ്പതാം തിയതി പകല്‍ അഞ്ചു മണിക്ക് കുണ്ടറ പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിറ്റേദിവസം രാത്രി പത്തു മണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


പതിനൊന്നു മണിയോടെ വനിത കൂടിയായ കൊല്ലം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. ബോധത്തിലും അബോധത്തിലുമായി മനസ്സ് മാറി മറിയുന്ന നേരം. കുഞ്ഞിനെ അവസാനമായി ഒന്ന് കാണാന്‍ ആഗ്രഹം ഉണ്ടെന്ന് ദിവ്യ അപേക്ഷിച്ചു. പിറ്റേന്ന് തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോഴും വനിതാ പൊലീസ് ഇന്‍സ്പെക്ടറോട് അവസാനമായി കുഞ്ഞിനെ ഒന്ന് കൂടി കണ്ടോട്ടെ എന്ന് ദിവ്യ കേണപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല.


പിന്നീട് അര ദിവസം മാത്രം അട്ടകുളങ്ങര ജയിലില്‍ കഴിഞ്ഞ ദിവ്യയുടെ ജയില്‍വാസം മറ്റൊരിടത്തായിരുന്നു. എന്ത് കൊണ്ടായിരിക്കാം ഉന്നത വിദ്യാഭ്യാസവും പരിചയസമ്പത്തും സ്ത്രീകളും കൂടിയായ മജിസ്ട്രേറ്റും എസ്‌ഐയും ദിവ്യയിലെ അമ്മയുടെ അവസാന ആഗ്രഹം പോലും നിഷേധിച്ചത്? അതെ! ഈ നൂറ്റാണ്ടിലും സോഷ്യല്‍ സ്റ്റിഗ്മ അതിന്റെ പാരമ്യത്തില്‍ നിലനില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് കേരളമെന്ന് പറയാതെ വയ്യ. ആ സ്റ്റിഗ്മയുടെ ഇരയാണ് തന്റെ മകളെന്ന് ദിവ്യയുടെ അച്ഛന്‍ തീരാവേദനയോടെ ഓര്‍ക്കുന്നു.


പിങ്ക് പൊലീസിനൊപ്പം കേരള പൊലീസും ലജ്ജിച്ചു തല താഴ്ത്തണം. കാരണം നിയമപാലകര്‍ക്ക് പെരിനാറ്റല്‍ സൈക്കോസിസ് എന്താണെന്നറിയില്ലായിരിക്കാം, പക്ഷേ ഒരമ്മ കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാന്‍ കാല് പിടിച്ചു അപേക്ഷിച്ചപ്പോള്‍ കേള്‍ക്കാമായിരുന്നു. അതുപോലെ നീതിന്യായ വ്യവസ്ഥിതി കുഞ്ഞിനെ കൊന്ന അമ്മയല്ലേ, അവസാനമായി കാണേണ്ട എന്ന് മുന്‍വിധി പറഞ്ഞത് തികഞ്ഞ അന്യായമായി.

വാർത്തയുടെ മുഴുവൻ വിശദാംശങ്ങളും അറിയാൻ ന്യൂസ് മലയാളത്തിൻ്റെ ഈ വീഡിയോ സ്റ്റോറി കാണാം...

SCROLL FOR NEXT