പ്രിയപ്പെട്ടവരുടെ ദുർമരണത്തിൽ മനസാവാചാ കർമണാ പോലും പങ്കാളിത്തമില്ലാത്തവരുടെ ഓർമകൾക്ക് മരണമില്ല. പെരിനേറ്റൽ സൈക്കോസിസ് ബാധിച്ചവരെക്കുറിച്ചുള്ള എൻ്റെ അന്വേഷണങ്ങൾക്കിടയിലാണ് ഒരു സുഹൃത്ത് മേലുദ്യോഗസ്ഥനായ ജില്ലാ കളക്ടർ പറഞ്ഞ സംഭവകഥ പറഞ്ഞത്.
ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ഐഎഎസ് കാരനെ ഫോണിൽ ലഭ്യമായെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകളിൽ അവശേഷിക്കുന്നത് ഒരാൾ തൃശൂരിലെ മണ്ണുത്തിയിലും ഒരാൾ പീച്ചിയിലും ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നുവെന്നാണ്. ഈ രണ്ട് സ്ഥാപനങ്ങളിലും രണ്ട് പൊലീസ് സ്റ്റേഷനുകളിലും അന്വേഷിച്ചുവെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഞാൻ നേരിട്ട പ്രധാന പ്രതിസന്ധി 36 കൊല്ലം മുൻപ് കഴിഞ്ഞ സംഭവത്തെക്കുറിച്ച് കേട്ട് കേൾവി പോലുമുള്ളർ ഇന്നില്ല എന്നതായിരുന്നു.
ഏറെ കാലത്തെ അന്വേഷണത്തിനൊടുവിലാണ് കേസിൻ്റെ രേഖകൾ തൃശൂരിൽ നിന്നും കണ്ടെത്തിയത്. അതിലൂടെ മേൽവിലാസക്കാരനെ കണ്ടെത്തി. പോസ്റ്റ് പാർട്ടം ഡിപ്രെഷൻ ബാധിച്ചു ഭാര്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെന്ന് ആരോപിച്ച ഭർത്താവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു. അയാൾക്ക് ഇപ്പോൾ വയസ്സ് 75 നോടടുക്കുന്നു.
ALSO READ: ഒന്നരവയസ്സുള്ള ഏകമകനെ കിണറ്റിലെറിഞ്ഞ് കൊന്നു; മലയാളമറിയാത്ത ശാരദയെ പുറത്തിറക്കിയത് സഹതടവുകാരി
1983 ഏപ്രിൽ 10 കൊല്ലം കോട്ടപ്പുറം മുളവനയിലെ മൂന്നാം കിഴക്കേതിൽ വീട്ടിൽ അഗസ്റ്റിൻ ആന്റണിയും കടപ്പാക്കട പുത്തൂട്ടിൽ വീട്ടിൽ ഉഷാ വർക്കിയും തമ്മിൽ ഭാരത രാജ്നി ചർച്ചിൽ വെച്ചു വിവാഹിതരായി. വിവാഹസമയം അഗസിൻ ആന്റണി തൃശൂർ മണ്ണുത്തി കാർഷിക കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു.
ഉഷ വർക്കി പീച്ചി എഞ്ചിനീയറിംഗ് റിസർച് ഇൻസ്റ്റിറ്റ്യൂറ്റിലെ അസിസ്റ്റന്റ് എഞ്ചിനീയറും. അവരവരുടെ ജോലികളിൽ മിടുമിടുക്കരായ രണ്ട് പേർക്കും രണ്ടു കുഞ്ഞുങ്ങൾ പിറന്നു. രണ്ട് പ്രസവങ്ങളും മാസം തികയാതെയായിരുന്നു. ആദ്യത്തെ കുഞ്ഞിന് മൂന്നും രണ്ടാമത്തെ കുഞ്ഞിന് നാല് മാസവും പ്രായമുള്ളപ്പോൾ സന്തോഷകരമായ ദാമ്പത്യത്തിന് തിരശീല വീണു. വിവാഹത്തിന്റെ അഞ്ചാം വർഷത്തിൽ 1988 മാർച്ച് 5 ന് ഉഷ വർക്കി കൈഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്തു. പീച്ചി പൊലീസ് കേസെടുത്തു.
ക്രൈം നമ്പർ 25/1988
വകുപ്പുകൾ : 174 altered to 304 (B), 498 (A), ഐപിസി 34.
എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവ് അഗസ്റ്റിൻ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. 1980 കളുടെ അവസാനത്തിൽ കേരളത്തിലെ പത്രമാധ്യമങ്ങളെല്ലാം വൻവാർത്താപ്രാധാന്യത്തോടെ ആ ആത്മഹത്യയെ പിന്തുടർന്നു. 1988 ജൂലൈ 3 ന് കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തുടരുന്നതിനിടെ തൃശൂർ ജെ എഫ് സി എം 2, സെഷൻസ് കോടതി അഗസ്റ്റിൻ ആന്റണിയെ വിചാരണത്തടവുകാരനായി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. കാർഷിക സർവകലാശാല ജോലിയിൽ നിന്നും സസ്പെന്റ് ചെയ്തു.
വിയ്യൂർ ജയിലിലായ അഗസ്റ്റിൻ ആന്റണി പക്ഷേ തന്റെ കാർഷികഗവേഷണം തുടർന്നു ഡോക്ടറേറ്റ് നേടി. ഒപ്പം ഹൈക്കോടതിയേയും സമീപിച്ചു. കാരണം ജീവിതത്തിലെ ഒരു നിമിഷം പോലും ഭാര്യയായിരുന്ന ഉഷയോട് മോശമായി പെരുമാറാത്ത തന്നെ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷിച്ചത് എന്നറിയണം. ഒപ്പം ഭാര്യക്ക് ഡിപ്രഷൻ ഉണ്ടെന്ന് നേരത്തേ കണ്ടെത്തി ചികിത്സ നൽകിയിട്ടും എന്തിനാണ് തന്നെ പൊലീസ് പിന്തുടർന്ന് വേട്ടയാടി വ്യാജ തെളിവുകളുണ്ടാക്കി ജീവിതം നശിപ്പിച്ചത് എന്നും അറിയണം.
കേസ് ഹൈക്കോടതിയിലെത്തി. വാദം തുടങ്ങിയപ്പോൾ കേസിന്റെ ഗതി മാറ്റിക്കൊണ്ട് ഉഷ വർക്കിയെ ചികിത്സിച്ചിരുന്ന തൃശൂരിലെ ഡോക്ടറെ വിസ്തരിച്ചു. എന്നിട്ടും തൃപ്തിയാകാത്ത കോടതി അന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ തലവൻ ആയിരുന്ന ഡോക്ടർ വിജയനോട് സെക്കന്റ് എക്സ്പെർട് ഒപ്പീനിയൻ തേടി. ഉഷ വിഷാദരോഗിയായിരുന്നുവെന്നും അവർക്ക് പ്രസവശേഷം സ്ത്രീകളിൽ സംഭവിക്കുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന രോഗമുണ്ടായിരുന്നുവെന്നും ഡോക്ടർ മൊഴി നൽകി. കൂടെ ഉഷ കഴിച്ചിരുന്ന മരുന്നുകളുടെ കുറിപ്പും തെളിവായി നൽകി. ഇതേതുടർന്നു കേരള ഹൈക്കോടതി എഫ് ഐ ആർ റദ്ദ് ചെയ്തുകൊണ്ടുള്ള ചരിത്രപരമായ ഒരു വിധിയിലൂടെ ഡോ. അഗസ്റ്റിൻ ആന്റണിയെ വെറുതെ വിട്ടു.
തുടർന്നു കാർഷിക സർവകലാശാല സസ്പെൻഷൻ പിൻവലിച്ചു.അക്കാലത്തു കടന്നു പോയ ദാരുണമായ ദുരനുഭങ്ങളെയെല്ലാം സധൈര്യം നേരിട്ട ഡോക്ടർ അഗസ്റ്റിൻ ആന്റണിയെ തൃശൂർ അഞ്ചേരിയിലെ വീട്ടിൽ വെച്ചു കണ്ടു മുട്ടി. ഇപ്പോഴും കാർഷികപരീക്ഷണങ്ങളിലാണ്. വയസ്സ് 75 നോട്ടുക്കുന്നു. ഭാര്യ ഉഷ ആത്മഹത്യ ചെയ്യുമ്പോൾ ആറ് മാസം പ്രായമായിരുന്ന കുഞ്ഞ് ഇപ്പോൾ കുടുംബസമേതം മംഗലാപുരത്താണ്. പൊലീസ് എഴുതിപ്പിടിപ്പിച്ച കള്ളക്കഥകൾ പൊളിച്ചടുക്കിയിരുന്നില്ലായിരുന്നുവെങ്കിൽ ജയിലിൽ ഇരുളടഞ്ഞു പോകുമായിരുന്ന ജീവിതം. യഥാർഥ്യമെന്തായിരുന്നുവെന്നും ഭാര്യ ഉഷയ്ക്ക് എന്താണ് സംഭവിച്ചതെന്നും 36 കൊല്ലങ്ങൾക്ക് ശേഷം ആദ്യമായി ഡോ. അഗസ്റ്റിൻ ആന്റണി പറയുന്നു.
ഡയറിയെഴുത്ത് ശീലമുണ്ടായിരുന്ന ഉഷ വർക്കിയുടെ ഡയറികളെല്ലാം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ അടിച്ചു മാറ്റിയിരുന്നു. അക്കാലമത്രയും അഗസ്റ്റിൻ ആന്റണിയ്ക്കെതിരായ എല്ലാ തെളിവുകളും ഡയറിയ്ക്കകത്തുണ്ടെന്നായിരുന്നു നിരന്തരവാദം. ഒടുവിൽ പൊലീസ് തെറ്റായി വ്യാഖ്യാനിച്ചതെല്ലാം ഹൈക്കോടതി ശരിക്ക് വായിച്ചു കേൾപ്പിച്ചുവത്രേ.
പോസ്റ്റ്‌പാർട്ടം ഡിപ്രഷനിൽ സ്വയം വേദനിച്ചു വെന്തെരിഞ്ഞു തീർന്ന ജീവിതം. കുളി കഴിഞ്ഞാലും തോർത്താതെ ബെഡ്റൂമിൽ നനഞ്ഞിരിക്കുന്നത്, മൂത്ത കുട്ടി മേശയ്ക്കടിയിൽ കിടന്നുറങ്ങുന്നത്, രാത്രികാലങ്ങളിൽ എത്ര ചോദിച്ചാലും മറുപടിയില്ലാത്ത കരച്ചിലുകൾ, എല്ലാം ഇന്നലെയെന്ന പോലെ അഗസ്റ്റിൻ ആന്റണിയുടെ ഫ്രെയിമുകളിൽ മാറിമറിഞ്ഞു പോയി. ഒപ്പം ഉഷയുടെ ഊഷ്മളമാർന്ന ഓർമ്മകളും. വാക്കുകൾ പലപ്പോഴും പതറിപ്പോയി.എങ്കിലും ക്ഷമയോടെ എല്ലാം ഓർത്തെടുത്തു.
ALSO READ: ഒന്നരവയസ്സുള്ള ഏകമകനെ കിണറ്റിലെറിഞ്ഞ് കൊന്നു; മലയാളമറിയാത്ത ശാരദയെ പുറത്തിറക്കിയത് സഹതടവുകാരി
ഉഷ മരിച്ചു ആറ് വർഷങ്ങൾക്ക് ശേഷം പുനർവിവഹം കഴിച്ച ഭാര്യ ജോളിയാണ് കൂട്ട്. അന്നത്തെ രണ്ടു കുഞ്ഞുങ്ങളും വലിയ ഉദ്യോഗസ്ഥരായി. ഉഷയ്ക്ക് ഒപ്പമുണ്ടായിരുന്ന എല്ലാ നല്ല നിമിഷങ്ങളുടെയും ചിത്രങ്ങൾ ഒരു പോറൽ പോലുമില്ലാതെ ഇന്നും സൂക്ഷിച്ചിരിക്കുന്നു.ഭാര്യയുടെ മനപ്രയാസം കണ്ടു ഡോക്ടറെ കാണിച്ചില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി.
എന്നിട്ടും തനിക്ക് ഉഷയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നത് ഇപ്പോഴും തീരാവേദനയായി തുടരുന്നുവെന്ന് അഗസ്റ്റിൻ ആന്റണി പറഞ്ഞു.