ഒരു ന്യായാധിപൻ എങ്ങനെയാണ് നിരപരാധികൾക്കും സമൂഹത്തിനും വേണ്ടി തന്റെ വിധികളെ ഗുണകരമായി എഴുതിവെക്കേണ്ടത് എന്നതിന് ഒരു മാതൃകയാണ് ജസ്റ്റിസ് കെ ടി തോമസ്. കാലത്തിനും ബഹുദൂരം മുന്നേ മുന്നേ സഞ്ചരിച്ച ഇന്ത്യ കണ്ട മികച്ച ന്യായാധിപൻ. വാദിയോ പ്രതിയോ പ്രോസിക്യൂഷനോ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത കാര്യങ്ങൾ ഗൃഹപാഠ ചെയ്ത് കണ്ടെത്തി വിധി പറഞ്ഞ കേസുകളിലൊന്നാണ് പീച്ചി ഉഷ വർക്കി കേസ്.
36 വർഷം മുൻപ് നടന്ന കേസിൽ നിന്നും രക്ഷപെടാൻ കാരണക്കാരനായ ജഡ്ജിയുടെ പേര് ഓർത്തെടുക്കാൻ എത്ര ശ്രമിച്ചിട്ടും കോർത്തുവെക്കാൻ കഴിയാതെ പോയ കണ്ണിയുടെ പേരാണ് ജസ്റ്റിസ് കെ ടി തോമസ്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിയായിരുന്നപ്പോൾ ജീവിതമൂല്യങ്ങളും ബുദ്ധികൂർമ്മതയും അന്വേഷണാത്മകത്വരയും നിറഞ്ഞ വ്യക്തിത്വം കാരണം സുപ്രധാന കേസുകളിൽ പോലും വേറിട്ട വഴികളിൽ നടന്നു ന്യായം പറഞ്ഞ ന്യായാധിപൻ.
ഇപ്പോൾ വയസ്സ് 87 ആയിരിക്കുന്നു. കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ വെച്ചു കണ്ടപ്പോൾ 36 കൊല്ലം മുൻപ് നടന്ന കേസിലേക്കുള്ള ഒരു പിൻനടത്തത്തിന് പലപ്പോഴും ഓർമ്മകൾ മറ നിന്നു. പക്ഷേ അത്രമേൽ ആഴത്തിൽ ആത്മവിനെ നൊമ്പരപ്പെടുത്തിയ കേസുകൾ എല്ലാം അദ്ദേഹം തന്റെ ആത്മ കഥയായ സോളമന്റെ തേനീച്ചകളിലേക്ക് ആവാഹിച്ചു പകർത്തിവെച്ചിരുന്നു. ഒരു പ്രൊഫസറുടെ വിദ്യാസമ്പന്നയായ ഭാര്യയുടെ ആത്മഹത്യ എന്ന അധ്യായത്തിൽ അഗസ്റ്റിൻ ആന്റണിയേയും ഉഷ വർക്കിയെയും അടയാളപ്പെടുത്തിയിരിക്കുന്നു . കേസിൽ നിർണായക വഴിത്തിരിവായത് പ്രതിയായ പ്രൊഫസറുടെ സത്യസന്ധത നിറഞ്ഞ പെരുമാറ്റം ആണെന്ന് വിവരിക്കുന്നുണ്ട്. പക്ഷേ അത് തെളിയിക്കാൻ പ്രതിയ്ക്കോ പ്രോസിക്യൂഷനോ സാധിക്കുന്നില്ല.
Also Read; ഒന്നരവയസ്സുള്ള ഏകമകനെ കിണറ്റിലെറിഞ്ഞ് കൊന്നു; മലയാളമറിയാത്ത ശാരദയെ പുറത്തിറക്കിയത് സഹതടവുകാരി
വാദത്തിൽ അസംതൃപ്തനായ ജസ്റ്റിസ് കെ ടി തോമസ് അവസാനവാദം കഴിഞ്ഞു വിധിഎഴുതേണ്ട ദിവസം ആഗതമായപ്പോൾ കേസിന്റെ മുഴുവൻ രേഖകളും താമസസ്ഥലത്ത് എത്തിക്കാൻ ആവശ്യപ്പെട്ടു. അതിൽ ഉഷയുടെ ഒരു ഡയറിയിൽ നിന്നാണ് ഒരു സൈക്യാട്രിസ്റ്റിന്റെ പദവി പരാമർശിക്കാതെ ഡോ. സുകുമാരനെ കണ്ടു എന്ന വാക്ക് കണ്ണിലുടക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരോ അഭിഭാഷകരോ കാണാതെ പോയ ആ വാക്കിൽ പിടിച്ചാണ് പിന്നീട് കേസിന്റെ അന്വേഷണഗതിയും വിധിയും മാറ്റിയെഴുതി ഡോ. അഗസ്റ്റിൻ ആന്റണിയെ വെറുതെ വിട്ടത്.
സോളമന്റെ തേനീച്ചകളിലെ ഈ അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്. എത്ര ഭാഗ്യവാനാണ് ആ പ്രൊഫസർ. ജീവപര്യന്തം തടവോ അല്ലെങ്കിൽ ചുരുങ്ങിയത് ഏഴ് വർഷത്തെ ശിക്ഷയോ അദ്ദേഹത്തിന് ലഭിച്ചേക്കുമായിരുന്നു. അനേകം ഡയറികളിലൊന്നിൽ രേഖപ്പെടുത്തിയിരുന്ന രണ്ട് വാക്കുകൾ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു.യഥാർത്ഥ സത്യത്തിലേക്ക് നയിക്കാൻ ഒരു പക്ഷേ ഈശ്വരൻ പറഞ്ഞയച്ച ഒരു തേനീച്ചയായിരുന്നു ഡയറിയിലെ ആ വാക്കുകൾ.
എന്ത് കൊണ്ടാണ് പെരിനാറ്റൽ സൈക്കോസിസിന്റെ ഭാഗമായി കുഞ്ഞുങ്ങളെ കൊന്ന അമ്മമാർക്ക് നീതി ലഭിക്കാത്തത് എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യവും വ്യക്തവുമായ ഉത്തരവും കാഴ്ചപ്പാടുകളുമുണ്ട് ജസ്റ്റിസ് കെ ടി തോമസിന്. ഇത്തരം കേസുകളിൽ അമ്മമാരെ ശിക്ഷിക്കാനുള്ള യഥാർത്ഥ കാരണക്കാർ ആരാണെന്നും അദ്ദേഹം ന്യൂസ് മലയാളത്തിലൂടെ വെളിപ്പെടുത്തി.
മാനസികവിഭ്രാന്തിയുടെ പ്രിവിലേജുകൾ ലഭിക്കേണ്ട വകുപ്പാണ് പെരിനാറ്റൽ സൈക്കോസിസ് കേസുകളെന്ന് ജസ്റ്റിസ് കെ ടി തോമസ് ഉറപ്പിച്ചു പറയുന്നു . ആ പ്രിവിലേജ് നമ്മുടെ അമ്മമാർക്ക് നഷ്ടമായത്തിന്റ കാരണക്കാർ ആരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവിടെ പക്ഷേ രാജാവ് നഗ്നൻ ആണെന്ന് വിളിച്ചു പറയാൻ ബാലന് മാത്രമല്ല രാജാവിന് തന്നെ തിരിച്ചറിയാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്.