പെരിനാറ്റല്‍ സൈക്കോസിസ് ആര്‍ക്ക് വേണമെങ്കിലും വരാം. അത് തിരിച്ചറിയുക എന്നതാണ് പ്രധാനമെന്ന് പറയുകയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഒബ്‌സ്ട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. നൂറുല്‍ അമീന്‍.
ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം
പെരിനാറ്റല്‍ സൈക്കോസിസ് ആര്‍ക്ക് വേണമെങ്കിലും വരാം. അത് തിരിച്ചറിയുക എന്നതാണ് പ്രധാനം. ഒരു സ്ത്രീ ഒപിയിലേക്ക് വരുമ്പോള്‍ മറ്റു കാര്യങ്ങള്‍ ഒക്കെ ചോദിക്കുന്നതിന്റെ കൂടെ ഈ കാര്യത്തിലും കൂടി കുറച്ചു ശ്രദ്ധ വേണം. നമ്മള്‍ ആള്‍ക്കാരെ കാണുന്ന പോലെ അല്ലായിരിക്കും അവരുടെ മനസിന്റെ സ്ഥിതി. അത് തിരിച്ചറിയണമെങ്കില്‍ അതിനായുള്ള പ്രത്യേക സ്‌ക്രീനിംഗ് ടൂള്‍സ് ഒക്കെയുണ്ട്. ഇതൊക്കെ ഉപയോഗിച്ചാല്‍ നമ്മള്‍ കണ്ടു വരുന്നത് നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ഇത്തരം പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്നുണ്ട്.
ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ഗര്‍ഭ കാലത്ത് തന്നെ ഇതിന് ചികിത്സ നല്‍കി കഴിഞ്ഞാല്‍ പ്രസവാനന്തരം വരുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. പോസ്റ്റ്‌നേറ്റല്‍ ഡിപ്രഷന്‍ തൊട്ട് പോസ്റ്റ് നേറ്റല്‍ സൈക്കോസിസ് വരുന്ന അവസ്ഥകള്‍ വരെ നമുക്ക് ഒഴിവാക്കാന്‍ പറ്റുമായിരിക്കും. അതുപോലെ ഇവര്‍ക്ക് മുമ്പത്തെ പ്രസവത്തിലും മറ്റും എന്തെങ്കിലും ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ഹിസ്റ്ററി എടുക്കല്‍ പ്രധാനമാണ്. പലപ്പോഴും ഇത് ജനിതകമാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും നേരത്തെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നൊക്കെ അറിയല്‍ പ്രധാനമാണ്. ഇതൊക്കെ വെച്ചാണ് രോഗിയെ സ്‌ക്രീന്‍ ചെയ്യുന്നത്.
ഇത്തരം കാര്യങ്ങളില്‍ കൃത്യമായ ചികിത്സ നല്‍കി കഴിഞ്ഞാല്‍ നോര്‍മല്‍ ആയിട്ടുള്ള പ്രഗ്നന്‍സി തുടരുകയും ചെയ്യാം. ഇല്ലെങ്കില്‍ ഇവര്‍ എത്തിപ്പെടുന്നത് വലിയ വലിയ പ്രശ്‌നങ്ങളിലേക്കാണ്. ആരാണോ രോഗിയെ ചെക്ക് അപ്പ് നടത്തിയത്, അത് നോക്കിയ സ്‌പെഷ്യലിസ്റ്റ് ആണ് അസുഖത്തെ കുറിച്ച് പറയേണ്ടത്. ഇത്തരത്തില്‍ ജയിലിലകപ്പെടുന്നവരില്‍ അതിന്റെ കാരണം ഈ അസുഖം തന്നെയാണെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല.
പെരിനാറ്റല്‍ സെക്കോസിസ്: കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്തുകൊണ്ടാണെന്ന തരത്തില്‍ പഠനം നടത്താത്തത് എന്തുകൊണ്ട്?
പെരിനാറ്റല്‍ സൈക്കോസിസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും മറ്റും ഇനീഷ്യേറ്റീവിന് തുടക്കം കുറിക്കുന്ന സംസ്ഥാനം ഇന്ത്യയില്‍ കേരളമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിനെ മുന്നോട്ട് കൊണ്ടു വരാനും ഒക്കെ തുടക്കം കുറിക്കുന്നത് കേരളം തന്നെയാണ്. അതിന്റെ ഒരു മാറ്റം നിലവില്‍ സംഭവിക്കുന്നുണ്ട്. ഇത്തരം കേസുകള്‍ കൂടുതലായി ഇപ്പോള്‍ തിരിച്ചറിയാന്‍ പറ്റുന്നുണ്ട്.
പെരിനാറ്റല്‍ സൈക്കാട്രിസ്റ്റുകള്‍ക്ക് സമൂഹത്തിന് നല്‍കാന്‍ പറ്റുന്ന സംഭാവന
ആരോഗ്യമേഖലയിലുള്ളവരില്‍ ഈ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് അവബോധം ഉണ്ടാക്കി എടുക്കുക എന്നത് പ്രധാനമാണ്. അതുപോലെ തന്നെയാണ് രോഗിയും അവരുടെ കൂട്ടിരിപ്പുകാരും. ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് ഇവരോടും നമുക്ക് പറഞ്ഞു മനസിലാക്കാന്‍ സാധിക്കണം. പെരിനേറ്റല്‍ സൈക്കോസിസ് എന്ന രോഗാവസ്ഥ ഡയഗ്നോസ് ചെയ്താലും അത് ഉള്‍ക്കൊള്ളാന്‍ ചിലപ്പോള്‍ അവര്‍ക്ക് സാധിക്കണം എന്നില്ല. നല്ല ഒരു അവബോധം തന്നെയാണ് ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യം.
ചികിത്സിച്ച് മാറ്റാന്‍ പറ്റുന്നതാണ്. അതുകൊണ്ട് തന്നെ അതിന് കൃത്യമായ ചികിത്സ വേണമെന്ന് രോഗിയെ പറഞ്ഞ് മനസിലാക്കാനും സാധിക്കണം. ആ അവബോധം ഉണ്ടാക്കുന്ന എന്നതും ഡോക്ടറുടെ ഡജോലി തന്നെയാണ്. ആശാവര്‍ക്കര്‍മാര്‍ അടക്കമുള്ളവര്‍ ഗര്‍ഭിണികളുമായി നിരന്തരം അടുത്ത് ഇടപഴകുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്കും ഇതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
നിയമപരമായ മാറ്റം
ഇത്തരം കേസുകളില്‍ നിരപരാധികളായ ഒരാള്‍ പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ആഗ്രഹം ഞങ്ങള്‍ക്കും ഉണ്ട്. അതുമായി ബന്ധപ്പെട്ട് നിയമ മാറ്റങ്ങള്‍ വരുത്തുക തന്നെ വേണം.
പെരിനാറ്റല്‍ സൈക്കോസിസ് പുരുഷന്മാരില്‍
പെരിനാറ്റല്‍ സൈക്കോസിസ് പുരുഷന്മാര്‍ക്കും വരാം. ഇതുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കലും മറ്റും ചര്‍ച്ച ചെയ്യുമ്പോഴാണ് അടുത്ത സ്‌റ്റെപ്പിലേക്ക് ഒക്കെ പോകുന്നത്. അമ്മമാര്‍ക്ക് ഉണ്ടാകുന്ന ഡിപ്രഷന്റെ അടുത്ത സ്റ്റെപ്പ് ആണ് അച്ഛന്മാര്‍ക്കുണ്ടാവുന്ന ഡിപ്രഷന്‍. ആദ്യത്തെ സ്റ്റെപ്പ് കഴിഞ്ഞിട്ടാണ് അടുത്തതിലേക്ക് പോകുന്നത്. ഇന്നത്തെ കാലത്ത് ന്യൂക്ലിയര്‍ കുടുംബങ്ങളും മറ്റുമൊക്കെയായി വരുമ്പോള്‍ പുരുഷന്മാരിലും ഡിപ്രഷന്‍ വരാം.
പെരിനാറ്റല്‍ സൈക്കോസിസില്‍ പൊതുവായി കാണുന്ന പ്രശ്‌നങ്ങള്‍
കുട്ടിയെ ശ്രദ്ധിക്കാതിരിക്കല്‍ ആണ് ഒരു പ്രശ്‌നം. വല്ലാത്ത കരച്ചില്‍ വരാം. സാധാരണ ചെയ്യുന്ന കാര്യങ്ങളില്‍ താത്പര്യമില്ലാതിരിക്കുക തുടങ്ങിയവ ഒക്കെ പൊതുവായി കണ്ടു വരുന്ന പ്രശ്‌നങ്ങളാണ്.
സി സെക്ഷന്‍ ചെയ്യുമ്പോഴും പ്രശ്‌നമുണ്ടാകുമോ?
ഉണ്ടാവും. സി സെക്ഷന്‍ എന്ന് പറയുമ്പോള്‍ അതില്‍ കൂടുതല്‍ റിസ്‌ക് ഉണ്ട്. ഒന്ന് അവര്‍ക്കുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒക്കെ കൂടുതല്‍ ആയിരിക്കും. ഹൈ റിസ്‌ക് രോഗികളിലായിരിക്കും കൂടുതലും സിസേറിയന്‍ ഒക്കെ ചെയ്യുന്നത്. ഇങ്ങനത്തെ സമയങ്ങളില്‍ ഓപ്പറേഷന്‍ ചെയ്യുന്നവരിലും ഇത്തരം ബുദ്ധിമുട്ടുകള്‍ കൂടുതല്‍ കാണാം. അത് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. സി സെക്ഷന്‍ ഒരു വലിയ ഘടകം തന്നെയാണ്.