പെരിനാറ്റല്‍ സൈക്കോസിസ് എന്നത് ഗര്‍ഭകാലത്തും പ്രസവകാലത്തും സ്ത്രീകള്‍ക്ക് മാത്രമുണ്ടാകുന്ന എന്തോ ഒരു പ്രത്യേക തരം ഭ്രാന്ത് ആണെന്ന് വിചാരിച്ചു ഇരിക്കുന്ന പുരുഷന്‍മാരോടാണ്. ഇത് ഞങ്ങള്‍ക്ക് മാത്രമല്ല.. നിങ്ങള്‍ക്കും വരും. വന്ന ചരിത്രമുണ്ട്, വര്‍ത്തമാനമുണ്ട്, ഭാവിയും ഉണ്ടാകും.
2018 ഡിസംബറിലെ വേല journal of medica sciences ല്‍ ഇന്ത്യയിലെ 27 വയസ്സുള്ള ഒരു യുവാവ് ആദ്യമായി അച്ഛന്‍ ആയപ്പോള്‍ നേരിട്ട പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് അനുഭവങ്ങള്‍ പങ്ക് വെക്കുന്ന ഒരു ഡോക്ടറുടെ ലേഖനം ഉണ്ട്. കുഞ്ഞിന്റെ ജീവന്‍ അപായപ്പെടുത്താനുള്ള കാര്യങ്ങള്‍ എത്തിയിരുന്നു എന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം.
2020 നവംബറില്‍ റിസര്‍ച് ഗേറ്റ് ജേര്‍ണലില്‍ ബംഗളൂരു NIMHANS, കോഴിക്കോട് IMHANS എന്നിവിടങ്ങളിലെ പ്രമുഖ സൈക്യാട്രിസ്റ്റ്കളായ ഡോ. പ്രഭ ചന്ദ്ര, അമീര്‍ ഹംസ, ഡോ. ജി രാഗേഷ് തുടങ്ങിയവര്‍ നടത്തിയ ഗവേഷണത്തില്‍ ഞെട്ടിക്കുന്ന ചില കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ട്.
നിംഹാന്‍സില്‍ അഡ്മിറ്റ് ചെയ്ത പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് ബാധിച്ച 30 സ്ത്രീകളില്‍ പഠനം നടത്തിയപ്പോള്‍ അവരുടെ പങ്കാളികളില്‍ 50 ശതമാനം അതായത് പകുതി പേര്‍ക്കും പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ കണ്ടെത്തി. അതില്‍ തന്നെ 40 ശതമാനം പേര്‍ക്കും അതിജീവിച്ചു മുന്നേറാന്‍ മാര്‍ഗമറിയാതെ പോയി. 56.7 ശതമാനം പങ്കാളികള്‍ക്ക് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിച്ചത് കൊണ്ട് അതിജീവിച്ചു എന്നും ഡാറ്റാകളുടെ പിന്‍ബലത്തോടെ വിവരിരിക്കുന്നു.
വിദേശരാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. US, UK, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ 5-10 ശതമാനം വരെയുള്ള അച്ഛന്‍മാരില്‍ പേരിനാറ്റല്‍ ഡിപ്രഷനും anxiteyയും അനുഭവിക്കുന്നുണ്ട് എന്നാണ് 2021 ലെ വിദേശ ജേര്‍ണലുകള്‍ നിരത്തുന്ന കണക്കുകള്‍.
വിദേശ രാജ്യങ്ങളിലെ കണക്കുകള്‍ കണ്ടു ഭയപ്പെടേണ്ട. കാരണം അവിടങ്ങളില്‍ ചികിത്സ ഉറപ്പാക്കാനുള്ള സംവിധാനമുണ്ട്. പക്ഷേ ഇന്ത്യയിലെ കണക്കുകള്‍ എത്ര വര്‍ധിച്ചാലും പരിഹരിക്കാനുള്ള മാനസികാരോഗ്യ പോളിസികള്‍ ഇന്നേ വരെ നമ്മുടെ രാഷ്ട്രമോ രാഷ്ട്രീയക്കാരോ വിഭാവനം ചെയ്തിട്ടില്ല. വിഭാവനം ചെയ്യാന്‍ ജനത അവശ്യപ്പെട്ടിട്ടുമില്ല എന്ന് വിസ്മരിക്കരുത്.
2020 സെപ്റ്റംബര്‍ 25. തിരുവനന്തപുരത്തെ തിരുവല്ലം എന്ന ടൗണില്‍ പോലീസിനൊപ്പം മാധ്യമങ്ങളും നിലയുറപ്പിച്ച ദിവസം ആയിരുന്നു. 40 ദിവസം പ്രായമുള്ള ശിവഗംഗ എന്ന പെണ്‍കുഞ്ഞിനെ നൂല് കെട്ടിയ ശേഷം അച്ഛന്‍ ആറ്റിലെറിഞ്ഞു കൊന്നു. തലേ ദിവസം രാത്രി മുഴുവന്‍ പൊലീസിനെ വലച്ചു പ്രതിയായ ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലം അറിയാതെ കുഴങ്ങി. ഒടുവില്‍ പരിസരവാസിയായ ഒരാള്‍ പ്രതി പുഴയോരത്തു കൂടെ നടന്നു പോയത് കണ്ടത് വഴിത്തിരിവായി. ഫയര്‍ ഫോഴ്‌സെത്തി. കുഞ്ഞിനെ കിട്ടി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ അമ്മ ചിന്നുവിന്റെ പരാതിയില്‍ 21 വയസ്സുള്ള ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.
വര്‍ഷം നാലാകുന്നു. ഉണ്ണികൃഷ്ണന്‍ തന്റെ 21 വയസ്സിനിടയില്‍ ഒരാള്‍ക്കും അഭിപ്രായവ്യത്യാസം ഇല്ലാത്ത പെരുമാറ്റത്തിനുടമയായിരുന്നു. ഐ ടി ഇലക്ട്രോണിക്‌സ് കഴിഞ്ഞു ജോലി ചെയ്യുന്നതിനിടെയാണ് സോഷ്യല്‍ മീഡിയ വഴി ചിഞ്ചുവിനെ പരിചയപ്പെട്ടത്. പരിചയം പ്രണയമായി. ജാതി വ്യത്യാസവും പ്രായവ്യത്യാസവും വിധവയും ഒരു കുട്ടിയുടെ അമ്മയുമായ ചിഞ്ചുവിനെ വിവാഹം കഴിക്കേണ്ടി വന്നു. വീട്ടില്‍ അമ്മ മാത്രമുള്ള ഏകമകനായ ഉണ്ണികൃഷ്ണന്‍ ആരോരുമറിയാതെ വിവാഹം കഴിച്ചത് വലിയ കുടുംബകലഹത്തിന് തിരി കൊളുത്തി. വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന പിടിവാശി അടിപിടിയില്‍ കലാശിച്ചപ്പോള്‍ ഭാര്യയുടെ പരാതി തിരുവല്ലം പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്നു പകല്‍ ജോലി കഴിഞ്ഞു ഭാര്യ വീട്ടിലും രാത്രിയില്‍ അമ്മയ്ക്ക് ഒപ്പവും കഴിഞ്ഞ് കൂടി. പ്രശ്‌നങ്ങളിലേക്ക് കുഞ്ഞ് പിറന്നു. അപ്പോഴും മുത്തശ്ശി ആയ വിവരം അമ്മയ്ക്ക് അറിയില്ലായിരുന്നു.
മാനസിക സമ്മര്‍ദ്ദങ്ങള്‍ ഏറി വന്നു. ഒപ്പം അകപ്പെടലിന്റെ ആഴവും കൂടി വന്നു. വെറും 21 വയസ്സിനിടെ അവിചാരിതവും അപ്രതീക്ഷിതവുമായ പ്രണയം, വിവാഹം, കലഹം, അച്ഛന്‍ തുടങ്ങി എല്ലാ സംഭവങ്ങളുടെയും സമ്മര്‍ദ്ദങ്ങള്‍ അതിഭയാനകം ആയിരുന്നുവെന്ന് ആദ്യമായി ഉണ്ണികൃഷ്ണന്‍ തുറന്നു പറയുന്നു.
അന്നേ ദിവസം കുഞ്ഞിന്റെ നൂല് കെട്ടല്‍ ചടങ്ങിനുള്ള സ്വര്‍ണം ഉള്‍പ്പെടെ വാങ്ങിച്ചത് ഉണ്ണികൃഷ്ണന്‍ ആയിരുന്നു. നെടുമങ്ങാട് ഭാര്യവീട്ടില്‍ വെച്ചു ചടങ്ങ് കഴിഞ്ഞ സമയം. കുഞ്ഞിനെ കാണുന്നതോടെ അമ്മായിയമ്മയുടെ മനസ്സ് മാറുമെന്ന കണക്കു കൂട്ടിയ ചിഞ്ചുവിന് ഒരു ആഗ്രഹം തോന്നി. കുഞ്ഞിനെ അമ്മയെ കാണിക്കണം എന്ന്.
ആഗ്രഹം സമ്മര്‍ദ്ദമായപ്പോള്‍ വഴങ്ങി ചിഞ്ചുവും കുഞ്ഞും ഓട്ടോയിലും ഉണ്ണികൃഷ്ണന്‍ ബൈക്കിലുമായി തിരുവല്ലത്തെ വീട്ടിലേക്ക് പുറപ്പെട്ടു. പക്ഷേ കുഞ്ഞിനെ കാണുന്നതോടെ ഒന്നുകില്‍ അമ്മ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ തന്നെ ആക്രമിക്കുകയോ ചെയ്യാനുള്ള സാധ്യത ഭയമായി ഉള്ളില്‍ നിറഞ്ഞു. എങ്കിലും ഭാര്യയെ അനുസരിക്കാതെ വയ്യ. തിരുവല്ലത്തു ഓട്ടോ നിറുത്തി കുഞ്ഞിനെ കൈയില്‍ എടുത്തു ബൈക്കില്‍ വീട്ടിലേക്ക് പോയി. പക്ഷേ വീട് എത്തിയില്ല. കുഞ്ഞ് കൊല്ലപ്പെട്ടു. മനഃപൂര്‍വം ആയിരുന്നോ.. അതോ മാനസികസമ്മര്‍ദം അതിരു വിട്ടോ... പിന്നെന്താണ് അന്നേ ദിവസം സംഭവിച്ചത്. ഉണ്ണികൃഷ്ണന്‍ പറയും.
അമ്മയ്ക്കും ഭാര്യക്കും ഇടയില്‍ കഴിയുന്നതിന്റെ ടെന്‍ഷന്‍ കാരണം ഏറെക്കാലമായി തനിക് ഉറക്കം നഷ്ടപെട്ടിരുന്നുവെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. അറിഞ്ഞുകൊണ്ട് ചെയ്തത് അല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആരും കേള്‍ക്കാതെ പോയി. അന്നത്തെ മാനസികനില എന്തായിരുന്നുവെന്ന ചോദ്യത്തിന് ഓര്‍മ്മയില്ലെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഈ കേസിലെ പരാതിക്കാരിയും കുഞ്ഞിന്റെ അമ്മയുമായ ഭാര്യ ചിഞ്ചുവിനെ ഫോണില്‍ വിളിച്ചു. സംഭവശേഷം ഉള്ളില്‍ വെറുത്തും ശപിച്ചും നാല് വര്‍ഷത്തോളമായി അകന്ന് കഴിയുന്നു. ഉണ്ണികൃഷ്ണന്‍ മനഃപൂര്‍വം കുഞ്ഞിനെ കൊന്നതാണോ എന്ന് ചോദിക്കാതെ നിവൃത്തിയില്ല. ഉള്ളിലുള്ള വെറുപ്പും ദേഷ്യവും പ്രകടമാക്കിയപ്പോഴും അവര്‍ ഒരു സത്യം തുറന്നു പറഞ്ഞു.
അതെ, ഉണ്ണികൃഷ്ണന്‍ അങ്ങനെ ചെയ്യില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറയുന്നു.പക്ഷേ അന്ന് ഉണ്ണികൃഷ്ണന്റെ മാനസികനില പോലീസ് പരോശോധിച്ചിരുന്നോ?ജയിലില്‍ വെച്ച് ഉറങ്ങാതെ ഇരിക്കുന്നത് കാണുമ്പോള്‍ ചികിത്സ ലഭ്യമാക്കിയിരുന്നോ?
അറസ്റ്റിലായപ്പോഴും ജയിലിലായപ്പോഴും പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇനി പരിശോധിച്ച് രോഗം സ്ഥിരീകരിക്കുക സാധ്യമല്ല എന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഏക മകനായ, അച്ഛന്‍ മരിച്ച ഉണ്ണികൃഷ്ണന്റെ കുടുംബ മാനസികാരോഗ്യ നില ഏറെ പരിതാപകരമാണ്. തീര്‍ച്ചയായും ആ സമ്മര്‍ദ്ദങ്ങളിലൂടെയാകും ബാല്യവും കൗമാരവും കടന്നു പോയത്. അതിനിടയില്‍ ആശ്വാസമേകും എന്ന് വിചാരിച്ച ബന്ധം പോലും കൂടുതല്‍ സമ്മര്‍ദ്ദമേകി കൊലയാളിയാക്കി. എങ്കിലും ഇപ്പോഴും ചിഞ്ചുവിനോടോപ്പം ഒരു സന്തുഷ്ട വിവാഹജീവിതം ഉണ്ണികൃഷ്ണന്‍ സ്വപ്നം സ്വപ്നം കാണുന്നു.
ഉള്ളില്‍ വെറുത്തു കൊണ്ട് തന്നെ തന്റെ ജീവിതപങ്കാളി എന്ന നിലയില്‍ ഉണ്ണികൃഷ്ണനെ കൂടുതല്‍ അടുത്തറിഞ്ഞ ചിഞ്ചുവിന്റെ മറുപടിയില്‍ നിന്നും അത് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് ആയിരുന്നോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. പക്ഷേ ഇനിയൊരിക്കലും അതൊതൊന്നും തെളിയിക്കാന്‍ മാര്‍ഗമില്ല എന്ന നിസ്സഹായാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അതിനെ അതിന്റെ വിധിക്ക് വിടുന്നു.
അന്നെന്ത് കൊണ്ടാണ് പോലീസ് ഉണ്ണികൃഷ്ണന്റെ മാനസികാരോഗ്യനില പരിശോധിക്കാതിരുന്നത് എന്നറിയാന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും തിരുവല്ലം സി ഐ യുമായിരുന്ന കെ സജികുമാറിനെ തേടി ഞങ്ങള്‍ പത്തനംതിട്ട കുമ്പളാംപൊയ്കയിലെ വീട്ടിലെത്തി.ഇപ്പോള്‍ വിശ്രമജീവിതത്തിലേക്ക് കടന്ന സജികുമാര്‍ അന്നത്തെ പത്ര കട്ടിങ്ങുകളുമായി കാത്തിരിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചത് കൊണ്ട് വേഗത്തില്‍ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ജയിലിലാക്കി എന്നാണ് വിശദീകരണം.
വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് ഓര്‍ത്തെടുക്കുമ്പോള്‍ അന്നേ ദിവസത്തെ ഉണ്ണികൃഷ്ണന്റെ പെരുമാറ്റവും മൗനവും പാരമ്പര്യ മാനസികാരോഗ്യ നിലയും ചേര്‍ത്ത് വെച്ചാല്‍ കേസിന് അസ്വഭാവികതകള്‍ ഉണ്ടായിരുന്നു എന്ന സംശയവും പറഞ്ഞു വെച്ചു.