NEWSROOM

ഒമ്പതില്‍ നാല് മത്സരങ്ങളിലും തോറ്റു, ടീമിന്റെ സ്ഥാനം 14-ാമത്; പരിശീലകനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

നിസ്റ്റല്‍ റൂയ് താല്‍ക്കാലിക പരിശീലകനാകുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് തീരുമാനം. നിസ്റ്റല്‍ റൂയ് താല്‍ക്കാലിക പരിശീലകനാകുമെന്നാണ് സൂചന. സീസണിലെ മോശം തുടക്കവും തുടര്‍ച്ചയായ പരാജയങ്ങളുമാണ്് വിനയായത്.

നിലവില്‍ ലീഗില്‍ പതിനാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനോടും ടീം തോറ്റിരുന്നു. ആകെ പൂര്‍ത്തിയാക്കിയ ഒമ്പത് മത്സരങ്ങളില്‍ നാലിലും ടീം തോറ്റു. 

2022 ലാണ് എറിക് ടെന്‍ഹാഗ് മാഞ്ചസ്റ്ററില്‍ എത്തുന്നത്. 2023 ലെ കാരബാവോ കപ്പും 2024ലെ എഫ്എ കപ്പും ഇദ്ദേഹത്തിന്റെ കീഴിലാണ് മാഞ്ചസ്റ്റര്‍ നേടിയത്. സ്ഥിരതയില്ലാത്ത പ്രകടനങ്ങളും തുടര്‍ച്ചയായി തന്ത്രങ്ങള്‍ പാളുന്നതും കളിക്കാരുമായുള്ള പ്രശ്‌നങ്ങളുമെല്ലാം ക്ലബ്ബ് അധികൃതരിലും ആരാധകര്‍ക്കിടയിലും അസ്വസ്ഥതയുണ്ടാക്കിയിരുന്നു. വെസ്റ്റ് ഹാമിനോട് കഴിഞ്ഞ ദിവസം 2-1ന് തോറ്റതോടെ ടെന്‍ഹാഗിന്റെ പുറത്തേക്കുള്ള വാതില്‍ തുറക്കപ്പെട്ടു.

ടെന്‍ഹാഗിന്റെ അസിസ്റ്റന്റ് നിസ്റ്റല്‍ റൂയ്ക്കാണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. പുതിയ പരിശീലകനായുള്ള തിരച്ചിലും ക്ലബ്ബ് സജീവമാക്കിയിട്ടുണ്ട്. തോമസ് ടുഷേല്‍ പരിശീലകനാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തു.

SCROLL FOR NEXT