അയ്യപ്പ ശരണമന്ത്രങ്ങളുമായി പതിനായിരങ്ങള്‍ മല ചവിട്ടുന്ന മണ്ഡലകാലത്തിന് തുടക്കം. ഇന്ന് മുതല്‍ നാല്‍പ്പത്തിയൊന്ന് ദിവസം മണ്ഡല വ്രതവിശുദ്ധിയുടെ നാളുകളാണ്. ഇക്കലായളവിലേക്ക് തീർഥാടകരെ സ്വീകരിക്കാൻ ക്ഷേത്രങ്ങളും ഇടത്താവളങ്ങളും ഒരുങ്ങി. ഇന്നലെയാണ് മണ്ഡലകാല തീർഥാടനത്തിന് ശബരിമല നട തുറന്നത്.
പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം കഴിഞ്ഞ ദിവസം നടന്നു. എസ്.അരുൺ കുമാർ നമ്പൂതിരി (ശബരിമല), വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരെ സ്ഥാനമൊഴിഞ്ഞ മേൽശാന്തി പി.എൻ.മഹേഷ് കൈപിടിച്ചു പതിനെട്ടാംപടി കയറ്റി. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണി മുതലാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനം അനുവദിച്ചത്. മുപ്പതിനായിരത്തോളം പേരാണ് വെർച്വൽ ക്യൂ മുഖേന ദർശനത്തിനായി ബുക്ക് ചെയ്തത്.
അയ്യപ്പ ദർശനത്തിനായി എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമൊരുക്കും, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് പിഎസ് പ്രശാന്തൻ അറിയിച്ചു. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇക്കുറി 18 മണിക്കൂർ ദർശന സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്.
ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ടാകും. മണ്ഡലപൂജ ഡിസംബർ 26നാണ് നടക്കുക. 26ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.