NEWSROOM

കാനനവാസന്‍ യോഗനിദ്രയിലാണ്ടു; ശരണ മന്ത്രങ്ങള്‍ മുഴങ്ങിയ അന്തരീക്ഷം ഇനി വന്യതയുടെ നിശബ്ദതയിലേക്ക്

58 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഈ സീസണില്‍ മല ചവിട്ടിയത്

Author : ന്യൂസ് ഡെസ്ക്

ദര്‍ശന പുണ്യത്തിന്റെ നിര്‍വൃതി ഭക്തലക്ഷങ്ങള്‍ക്ക് പകര്‍ന്നു നല്‍കി ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം അവസാനിച്ചു. പന്തളം രാജപ്രതിനിധി ദര്‍ശനം പൂര്‍ത്തിയാക്കി പടിയിറങ്ങിയതോടെ ഹരിവരാസനം പാടി നടയടച്ചു. 58 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഈ സീസണില്‍ മല ചവിട്ടിയത്.

ശരണമന്ത്രങ്ങള്‍ മുഴങ്ങി നിന്ന അന്തരീക്ഷം ഇനി വന്യതയുടെ നിശബ്ദതയിലേക്ക്. നെയ്യഭിഷേകത്തിന്റെ നൈര്‍മല്യത്തില്‍ ദര്‍ശനമരുളിയ കാനനവാസന്‍ യോഗനിദ്രയിലാണ്ടു. ആചാര ഐതിഹ്യ വിശ്വാസ പെരുമ നിറഞ്ഞ തീര്‍ത്ഥാടന നാളുകള്‍ക്ക് അവസാനം. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമല ക്ഷേത്രനട ഹരിവരാസനം പാടി അടച്ചു. രാവിലെ നട തുറന്നശേഷം തിരുവാഭരണങ്ങള്‍ പേടകങ്ങളിലാക്കി പതിനെട്ടാം പടിയിറങ്ങി തിരികെ പന്തളത്തേക്ക് യാത്ര പുറപ്പെട്ടു.

പന്തളം രാജ പ്രതിനിധിക്കുള്ള ആചാരപരമായ ദര്‍ശന സമയമായിരുന്നു പിന്നീട്. അയ്യപ്പന്റെ പിതൃസ്ഥാനത്തുള്ള പന്തളം രാജാവും തന്റെ മകനും മാത്രമായി സംവദിക്കുന്ന നിമിഷങ്ങള്‍. രാജപ്രതിനിധി ദര്‍ശനം നടത്തിയ ശേഷം മേല്‍ശാന്തി അയ്യപ്പനെ ഭസ്മാഭിഷിക്തനാക്കി ഹരിവരാസനം പാടി നടയടച്ചു. ശ്രീകോവില്‍ പൂട്ടി താക്കോല്‍ക്കൂട്ടം രാജപ്രതിനിധിയെ മേല്‍ശാന്തി ഏല്‍പ്പിച്ചു. ശേഷം പതിനെട്ടാം പടിയിറങ്ങി രാജപ്രതിനിധി താഴെ എത്തി താക്കോല്‍ കൂട്ടവും തുടര്‍ന്നുള്ള ഒരു വര്‍ഷത്തേക്കുള്ള പൂജ അനുമതിയും മേല്‍ശാന്തിക്ക് നല്‍കി മടങ്ങി.

ഇന്നലെ രാത്രി മണിമണ്ഡപത്തിന് സമീപം ഗുരുതി ചടങ്ങുകള്‍ നടന്നതോടെ തീര്‍ത്ഥാടകര്‍ക്ക് ഉള്ള ദര്‍ശന സമയവും അവസാനിച്ചിരുന്നു. പരിഹാരക്രിയകളുടെ ഭാഗമായി എല്ലാവര്‍ഷവും തീര്‍ത്ഥാടനത്തിന്റെ അവസാന നാളില്‍ മണിമണ്ഡപത്തിന് സമീപം നടക്കുന്ന പ്രത്യേക ചടങ്ങാണ് ഗുരുതി പൂജ.

വലിയ തീര്‍ത്ഥാടക പ്രവാഹം ഉണ്ടായ ദിവസങ്ങളായിരുന്നു ഈ വര്‍ഷം ശബരിമലയില്‍. 52 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ദര്‍ശന പുണ്യം നുകര്‍ന്നു. ഭക്തജനപ്രവാഹത്തിലും പരാതികള്‍ക്കിടയില്ലാതെ തീര്‍ത്ഥാടന കാലം പൂര്‍ത്തിയാക്കാന്‍ ആയതിന്റെ സംതൃപ്തിയിലാണ് ദേവസ്വം ബോര്‍ഡും അധികൃതരും.

ദേവസ്വം ബോര്‍ഡിന്റെയും പോലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെയും കൃത്യമായ ഏകോപനത്തിലൂടെയും ആസൂത്രണത്തിലൂടെയുമാണ് ഇക്കുറി പരാതിരഹിത തീര്‍ത്ഥാടനം നടപ്പാക്കാന്‍ സാധിച്ചതെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിഎം ഡോക്ടര്‍ അരുണ്‍ എസ് നായര്‍ ഐഎഎസ് പറഞ്ഞു.

നിറഞ്ഞ സംതൃപ്തിയോടെ തന്നെയാണ് ശബരിമലയില്‍ എത്തിയ മുഴുവന്‍ ഭക്തരും ദര്‍ശനം പൂര്‍ത്തിയാക്കി മലയിറങ്ങിയത്.

SCROLL FOR NEXT