ഡൽഹി മദ്യനയകേസിൽ അറസ്റ്റിലായി 17 മാസം നീണ്ട ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ എഎപി നേതാവും മുൻ ഡൽഹി മന്ത്രിയുമായ മനീഷ് സിസോദിയയുടെ ആദ്യ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ ഭാര്യയുമായുള്ള ചിത്രം പങ്കുവെച്ചാണ് നേതാവ് ഏറെ നാളുകൾക്ക് ശേഷമുള്ള സ്വാതന്ത്ര്യത്തിൻ്റെ സന്തോഷം പങ്കിട്ടത്. സിസോദിയയുടെ ഭാര്യയോടൊപ്പമുള്ള 'ചായ ചിത്രം' ആളുകൾ ഏറ്റെടുത്തിരുക്കുകയാണ്.
"സ്വാതന്ത്ര്യത്തിൻ്റെ പ്രഭാതത്തിലെ ആദ്യ ചായ... 17 മാസങ്ങൾക്ക് ശേഷം! ജീവിക്കാനുള്ള അവകാശത്തിൻ്റെ ഗ്യാരണ്ടിയായി ഇന്ത്യക്കാരായ നമുക്ക് ഭരണഘടന നൽകിയ സ്വാതന്ത്ര്യം. എല്ലാവരുമായി തുറന്ന അന്തരീക്ഷത്തിലിരുന്ന് ശ്വസിക്കാനായി ദൈവം നമുക്ക് തന്ന സ്വാതന്ത്ര്യം..." ഭാര്യയുമൊത്തുള്ള സന്തോഷത്തിൻ്റെയും സ്വാതന്ത്രത്തിൻ്റെയും നിമിഷങ്ങൾ പങ്കിട്ട് മനീഷ സിസോദിയ എക്സിൽ കുറിച്ചു.
മനീഷ് സിസോദിയ വീണ്ടും മന്ത്രി പദത്തിലേക്കെത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. എഎപി ഓഫീസിൽ നിന്നും പാർട്ടി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മന്ത്രി സഭാ പ്രവേശനം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരി 26 മുതൽ 18 മാസത്തോളമായി തിഹാർ ജയിലിലായിരുന്നു സിസോദിയ. വെള്ളിയാഴ്ചയാണ് സുപ്രീം കോടതി മനീഷ് സിസോദിയയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിചാരണ നടപടികള്‍ വൈകുന്നത് മുൻനിർത്തിയായിരുന്നു ജാമ്യം. പാസ്പോര്‍ട്ട് ഹാജരാക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെയാണ് കോടതിയുടെ വ്യവസ്ഥകള്‍. മദ്യവില്‍പന സ്വകാര്യവത്കരിക്കുന്ന ഡല്‍ഹി മദ്യനയം വിവാദമായതിനെ തുടർന്നാണ് ആദ്യം സിബിഐയും പിന്നാലെ ഇഡിയും സിസോദിയയ്ക്കെതിരെ കേസെടുത്തത്.