മഹാരാഷ്ട്ര നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ എംഎൽഎമാർ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ തട്ടിപ്പ് നടത്തിയാണ് മഹായുതി സർക്കാർ വിജയം തട്ടിയെടുത്തതെന്നും പ്രതിപക്ഷം ആരോപിച്ചു. മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്തെ ഛത്രപതി ശിവജി മഹാരാജ് പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ യോഗവും മഹാവികാസ് അഘാഡി നേതാക്കൾ നടത്തി.
അതേസമയം, സമാജ്‌വാദി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് അബു അസിം അസ്മിയും പാർട്ടി നേതാവായ റെയ്സ് ഷെയ്ഖും പ്രതിപക്ഷ ധാരണ മറികടന്നു നിയമസഭയിൽ വെച്ച് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു എംഎൽഎമാരായി ചുമതലയേറ്റു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ഏക്നാഥ് ഷിൻഡെ എന്നിവർ ഇന്ന് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു.
288 അംഗ നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. പ്രോ ടേം സ്പീക്കറായ കാളിദാസ് കൊളംബ്‌ക്കറാണ് നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചത്. ബിജെപിയുടെ മുതിർന്ന നേതാവായ കൊളംബ്ക്കറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗവർണർ സി.പി. രാധാകൃഷ്ണൻ പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുത്തത്. ഇത് ജനവിധിയില്ല, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റേയും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടേയും വിധിയാണ്.
ബിജെപി ഇവിഎം ഉപയോഗിച്ച് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചതെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ വിമർശിച്ചു. കോൺഗ്രസിലെ നാനാ പടോലെയും എൻസിപിയിലെ ജിതേന്ദ്ര അവാദും ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കളും മഹായുതി സഖ്യത്തിൻ്റെ ജനാധിപത്യവിരുദ്ധ മനോഭാവത്തെ വിമർശിച്ചു. ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും മഹാവികാസ് അഘാഡി നേതാക്കൾ ആവർത്തിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ സംശയങ്ങൾ ഉയർത്തുന്നതാണ്. മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും അട്ടിമറിച്ചതായി സംശയമുണ്ട്. ജനങ്ങൾ അസന്തുഷ്ടരാണ്. എന്തോ കുഴപ്പം തോന്നുന്നുണ്ട്," കോൺഗ്രസ് എംഎൽഎയായ വിജയ് വഡെറ്റിവാർ പറഞ്ഞു.
അതേസമയം, സംശയമുണ്ടെങ്കിൽ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് വേണ്ടതെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ മാധ്യമങ്ങളോട് പറഞ്ഞു. "ഇവിടെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അർത്ഥമില്ല. പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം. അവിടെ നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്," അജിത് പവാർ വിമർശിച്ചു.
ബിജെപി, ഏക്നാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിൻ്റെ എൻസിപി എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യം നവംബർ 20ന് നടന്ന തെരഞ്ഞെടുപ്പിൽ 288 നിയമസഭാ സീറ്റുകളിൽ 230ലും വിജയം കൈവരിച്ചിരുന്നു. ഡിസംബർ 5നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഷിൻഡെയും പവാറും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.