NEWSROOM

"മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപക സംഘം"; ആരോപണങ്ങളില്‍ ഉറച്ച് വി.ഡി. സതീശന്‍

കേസുകൾ ഉണ്ടെങ്കിലും പിണറായിക്ക് പ്രത്യേക പ്രിവിലേജ് കേന്ദ്ര ഏജൻസികൾ നൽകിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതെന്ന ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നൂറു ശതമാനവും ഉറപ്പിച്ച് പറഞ്ഞ കാര്യമാണതെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപക സംഘമുണ്ടെന്നും ആ സംഘത്തിൽ മന്ത്രിസഭയിലെ ഉന്നതനുണ്ടെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

കേന്ദ്ര ഏജൻസിയുടെ അന്വേഷണം ഉള്ളപ്പോൾ ഇതിന് മുൻപും ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ട്. മസ്കറ്റ് ഹോട്ടലിൽ വെച്ചാണ് സിപിഎം ആർഎസ്എസ് കൂടിക്കാഴ്ചകൾ നടന്നിട്ടുള്ളത്. കേസുകൾ ഉണ്ടെങ്കിലും പിണറായിക്ക് പ്രത്യേക പ്രിവിലേജ് കേന്ദ്ര ഏജൻസികൾ നൽകിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഈയൊരു ബന്ധമാണ് പൂരം കലക്കലിലേക്ക് പോയതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ബിജെപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പൂരം കലക്കിയത്. സിപിഎം ന്യൂനപക്ഷ പ്രേമം കളിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി അറിയാതെയാണ് കൂടിക്കാഴ്ച എങ്കിൽ എന്തുകൊണ്ടാണ് വിശദീകരണം ചോദിക്കാത്തതെന്നും സതീശന്‍ ചോദിച്ചു.


വി.ഡി. സതീശന്‍റെ ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണെന്ന പരാമർശത്തെയും സുരേന്ദ്രന്‍ വിമർശിച്ചു. സുരേന്ദ്രൻ സംസാരിക്കുന്നത് പിണറായിക്ക് വേണ്ടിയാണ്. സുരേന്ദ്രൻ്റെ കള്ളപ്പണക്കേസ് തീർപ്പാക്കിയതിൻ്റെ നന്ദിയാണ് കാണിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കേരള പോലീസിൻ്റെ സഹായത്തോടെയാണ് കോവിഡ് കാലത്ത് സ്വർണക്കടത്ത് കേസിലെ പ്രതികൾ രക്ഷപെട്ടതെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, വി.ഡി. സതീശനു വേണ്ടിയാണ് എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതെന്ന് പി.വി. അന്‍വർ എംഎല്‍എ പറഞ്ഞു. ഈ കാര്യം താന്‍ വെളിപ്പെടുത്തുമെന്ന് ഭയന്നാണ് സതീശന്‍ മുന്‍കൂട്ടി സിപിഎം ബന്ധം ആരോപിച്ചതെന്നും അന്‍വർ പറഞ്ഞു. പുനർജനി കേസില്‍ വി.ഡി. സതീശനെ എഡിജിപി സഹായിച്ചെന്നും അന്‍വർ ആരോപിച്ചു. 2018ലെ പ്രളയത്തിനു ശേഷം പറവൂർ മണ്ഡലത്തില്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി. പദ്ധതിക്കായി വിദേശത്ത് നിന്നും പറവൂർ എംഎല്‍എ വി.ഡി. സതീശന്‍ പണം വാങ്ങിയെന്നും അത് വിനിയോഗിച്ചില്ലെന്നുമായിരുന്നു ആരോപണം. വിദേശത്ത് നിന്നും പണം സമാഹരിച്ചതില്‍ അഴിമതി ആരോപിച്ച് സിപിഐ നേതാവ് പി. രാജു പരാതി നല്‍കിയിരുന്നു.

SCROLL FOR NEXT