NEWSROOM

മണിപ്പൂരിൽ ബിജെപി പൊട്ടിത്തെറിയിലേക്ക്; മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനെ മാറ്റണമെന്നാവശ്യം ശക്തം

19 ബിജെപി എംഎൽഎമാരാണ് ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്

Author : ന്യൂസ് ഡെസ്ക്

മണിപ്പൂരി ബിജെപി പൊട്ടിത്തെറിയിലേക്ക്. മണിപ്പൂരിൽ സംഘർഷം പരിഹരിക്കാനായില്ലെന്നും, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എൻ. ബിരേൻ സിംഗിനെ നീക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാ‍ർ പ്രധാനമന്ത്രിക്ക് കത്തയച്ചു. 19 ബിജെപി എംഎൽഎമാരാണ് ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. സ്പീക്ക‍ർ തോക്ചോം സത്യാവ്രത് സിം​ഗ്, മന്ത്രിമാരായ തോങ്ങം വിശ്വജിത് സിം​ഗ്, യുമ്നം കേംചന്ദ് സിം​ഗ് എന്നിവരും കത്തയച്ചവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം മെയ്തേയ്, കുക്കി, നാ​ഗാ എംഎൽഎമാരുമായി കേന്ദ്ര സ‍ർക്കാ‍ർ ചർച്ച നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ നീക്കണമെന്ന ആവശ്യം ശക്തമായത്.

സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കുന്നതിനും, പൗരന്മാരുടെ ദുരവസ്ഥ ലഘൂകരിക്കുന്നതിനുമുള്ള ബിജെപി സർക്കാരിൻ്റെ കഴിവിൽ മണിപ്പൂരിലെ ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു എംഎൽഎമാരുടെ കത്ത്. ബിജെപിയെ സംരക്ഷിക്കുന്നതിനോടൊപ്പം മണിപ്പൂരിനെ സംരക്ഷിക്കേണ്ട ചുമതല കൂടി തങ്ങൾക്കുണ്ട്. കേവലം സുരക്ഷാ സേനയെ വിന്യസിച്ചതുകൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല. നീണ്ടുനിൽക്കുന്ന സംഘർഷം പരിഹരിക്കാനാകാത്ത നാശത്തിലേക്ക് നയിക്കുമെന്നും, ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ മോശമായി ചിത്രീകരിക്കപ്പെടുമെന്നും എംഎൽഎമാ‍ർ കത്തിൽ മുന്നറിയിപ്പ് നൽകി.

വിഷയത്തിൽ ച‍ർച്ചകൾ ആവശ്യമാണെന്നും, ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

SCROLL FOR NEXT