മണിപ്പൂരിൽ പ്രക്ഷോഭം രൂക്ഷമായതോടെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സംസ്ഥാനം വിട്ട് അസമിലെത്തി. രാജ്ഭവനിൽ വിദ്യാർഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് ഗവർണർ സംസ്ഥാനം വിട്ടത്. ഇന്നലെ രാജ്ഭവനിലേക്ക് നടന്ന മാർച്ചിൽ 40 പേർക്ക് പരുക്കേറ്റു. അസം ഗവർണറായ ലക്ഷ്മൺ പ്രസാദ് ആചാര്യ മണിപ്പൂരിൻ്റെ അധികചുമതലയാണ് വഹിക്കുന്നത്. ചൊവ്വാഴ്ച വിദ്യാർഥി പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് ഇംഫാൽ താഴ്വരയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
മണിപ്പൂരിലെ സംഘർഷം തുടരുന്ന മേഖലകളിൽ അസം റൈഫിൾസിന് പകരം സിആർപിഎഫിനെ വിന്യസിക്കുന്നത് തടയാൻ എല്ലാം മാർഗങ്ങളും തേടി കുക്കികൾ. കാംഗ്‌പോപിയിൽ നൂറുകണക്കിന് കുക്കി-സോ വനിതകൾ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ എല്ലാ അസം റൈഫിൾസ് ക്യാമ്പുകളും സീൽ ചെയ്യുമെന്നാണ് കുക്കി-സോയുടെ മുന്നറിയിപ്പ്. തലസ്ഥാനമായ ഇംഫാലിൽ ജനക്കൂട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്ലക്സ് ബോർഡ് അടിച്ചു തകർത്തു. തൗബാലിലും ഇൻഫാലിലും നിരോധനാജ്ഞയും സംസ്ഥാനത്ത് ഇൻറർനെറ്റ് നിരോധനവും തുടരുകയാണ്.