NEWSROOM

മണിപ്പൂരിൽ ബസ്, ഹെലികോപ്റ്റർ സർവീസുകൾ ഇന്ന് പുനരാരംഭിക്കും; തടസമുണ്ടാക്കുന്നവർക്കെതിരെ നടപടിയെന്ന് മുന്നറിയിപ്പ്

ബസ് സർവീസുകൾ തടസപ്പെടുത്തുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ആരെങ്കിലും ഉൾപ്പെട്ടതായി കണ്ടെത്തിയാൽ, നിയമപ്രകാരം അവർക്കെതിരെ കേസെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

മണിപ്പൂരിൻ്റെ നിരത്തിൽ ഇന്നു മുതൽ വീണ്ടും ബസുകൾ ഓടിത്തുടങ്ങും. മണിപ്പൂരിലെ എല്ലാ റോഡുകളിലും സ്വതന്ത്രമായ ഗതാഗതം പുനഃസ്ഥാപിച്ചതിനാൽ ശനിയാഴ്ച ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത്. കേന്ദ്ര സായുധ പൊലീസ് സേന സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

"സംസ്ഥാനത്ത് സാധാരണ നില കൊണ്ടുവരുന്നതിൻ്റെ ഭാഗമായി 08-03-2025 മുതൽ രാവിലെ 9:00 മണിക്ക് ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് മണിപ്പൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളുടെ ബസ് സർവീസ് സംസ്ഥാന സർക്കാർ ക്രമീകരിച്ചിട്ടുണ്ടെന്ന് പൊതുജനങ്ങളെ അറിയിക്കുന്നു," പ്രസ്താവനയിൽ സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു. ഇംഫാൽ - കാങ്‌പോക്‌പി - സേനാപതി, സേനാപതി - കാങ്‌പോക്‌പി - ഇംഫാൽ, ഇംഫാൽ - ബിഷ്ണുപൂർ - ചുരാചന്ദ്പൂർ, ചുരാചന്ദ്പൂർ - ബിഷ്ണുപൂർ - ഇംഫാൽ റൂട്ടുകളിലാണ് ബസുകൾ സർവീസ് നടത്തുക.

മണിപ്പൂർ ഹെലി സർവീസിന് കീഴിൽ ഹെലികോപ്റ്റർ സർവീസുകളും സംസ്ഥാനത്ത് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു. ഗതാഗതത്തിനായി ബസ്, ഹെലികോപ്റ്റർ സേവനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുകയും, എംഎസ്ടി ബസ് സർവീസുകൾ തടസപ്പെടുത്തുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ആരെങ്കിലും ഉൾപ്പെട്ടതായി കണ്ടെത്തിയാൽ, നിയമപ്രകാരം അവർക്കെതിരെ കേസെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

മണിപ്പൂരിലെ റോഡുകളിൽ ജനങ്ങൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകിയതിന് പിന്നാലെയാണ് അറിയിപ്പ്. മാർച്ച് എട്ട് മുതൽ ജനങ്ങൾക്ക് സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കണം എന്ന് അമിത് ഷാ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് ശേഷം അമിത് ഷായുടെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സുരക്ഷാ അവലോകന യോഗമാണിത്. ഫെബ്രുവരി 13ന് എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

SCROLL FOR NEXT