NEWSROOM

മഞ്ചേശ്വരം കോഴക്കേസ്; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കും അന്വേഷണ ഉദ്യോഗസ്ഥനുമെതിരെ നിയമ നടപടിക്കൊരുങ്ങി ബിജെപി

കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

മഞ്ചേശ്വരം കോഴക്കേസിൽ നിയമ നടപടിക്കൊരുങ്ങി ബിജെപി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ: സി. ഷൂക്കൂർ, അന്വേഷണ ഉദ്യോഗസ്ഥൻ സതീഷ് കുമാർ, പരാതിക്കാരൻ സിപിഎം നേതാവ് വി.വി.രമേശൻ എന്നിവർക്കെതിരെയാണ് നിയമനടപടിക്കൊരുങ്ങുന്നത്. നിയമം ലംഘിച്ചുള്ള നിയമനവും നീതി നിഷേധവും ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതൃത്വം കോടതിയെ സമീപിക്കുന്നത്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടിരുന്നു. കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടർന്നായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി, നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നുമായിരുന്നു കേസ്. സുരേന്ദ്രന്‍ അടക്കം ആറ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്ക്, ബിജെപി മുന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായ്ക്ക്, കെ. മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് മറ്റ് പ്രതികള്‍.

Also Read: 'ചെങ്കൊടി തൊട്ട് കളിക്കേണ്ട'; അന്‍വറിന് താക്കീതുമായി സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം

പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പരാതിക്കാരനും എതിർസ്ഥാനാര്‍ഥിയുമായിരുന്ന വി.വി രമേശന്‍ പ്രതികരിച്ചിരുന്നു.

SCROLL FOR NEXT