NEWSROOM

മഞ്ചേശ്വരം കോഴക്കേസ്: പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ചയെന്ന് വിധിയില്‍

കെ. സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിച്ചതിന് തെളിവില്ലെന്നും വിധിയില്‍ പറയുന്നു

Author : ന്യൂസ് ഡെസ്ക്

മഞ്ചേശ്വരം കോഴക്കേസില്‍ അന്വേഷണ സംഘത്തിനും പൊലീസിനും ഗുരുതര വീഴ്ചയുണ്ടായെന്ന് കോടതി വിധി. കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളേയും വെറുതേവിട്ടുള്ള കോടതി വിധി വന്നത്.

കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷവും ഏഴ് മാസത്തിനും ശേഷമാണെന്ന് വിധിയില്‍ പറയുന്നു. അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് പ്രതികളെ വെറുതേവിട്ടുള്ള കോടതി വിധി. കുറ്റപത്രം സമര്‍പ്പിക്കാനുണ്ടായ കാലതാമസത്തിന്റെ കാരണം ബോധിപ്പിച്ചിട്ടില്ല. കെ. സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിച്ചതിന് തെളിവില്ലെന്നും വിധിയില്‍ പറയുന്നു.


2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി, നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നുമായിരുന്നു കേസ്. സുരേന്ദ്രന്‍ അടക്കം ആറ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്ക്, ബിജെപി മുന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായ്ക്ക്, കെ. മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് മറ്റ് പ്രതികള്‍.

പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പരാതിക്കാരനും എതിർസ്ഥാനാര്‍ഥിയുമായിരുന്ന വി.വി രമേശന്‍ പ്രതികരിച്ചിരുന്നു.

SCROLL FOR NEXT