നവ്യാ നായര്‍, മഞ്ജു വാര്യര്‍ 
NEWSROOM

വയനാടിനായി കൈകോര്‍ത്ത് മഞ്ജുവും നവ്യയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 5 ലക്ഷം രൂപയും നവ്യാ നായര്‍ ഒരു ലക്ഷം രൂപയും സംഭാവനയായി നല്‍കി

Author : ന്യൂസ് ഡെസ്ക്

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സിനിമാതാരങ്ങളായ മഞ്ജു വാര്യരും നവ്യാ നായരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 5 ലക്ഷം രൂപയും നവ്യാ നായര്‍ ഒരു ലക്ഷം രൂപയും സംഭാവനയായി നല്‍കി. നവ്യക്ക് വേണ്ടി അച്ഛൻ ജെ. രാജു, അമ്മ വീണ, മകൻ സായ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ചെക്ക് കൈമാറി. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിക്രം, സൂര്യ, ജ്യോതിക, കാര്‍ത്തി, ഫഹദ് ഫാസില്‍, നസ്രിയ, ആസിഫ് അലി, രശ്മിക മന്ദാന, നയന്‍താര, വിഗ്‌നേഷ് ശിവന്‍, പേര്‍ളി മാണി തുടങ്ങി നിരവധി പേര്‍ സിനിമ മേഖലയില്‍ നിന്ന് ഇതിനോടകം വയനാടിന് പിന്തുണ അറിയിച്ച് സംഭാവന നല്‍കി കഴിഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്‍റെ നാലാം ദിനമായ ഇന്ന് 344 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ചാലിയാറിന് മുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചും ഹെലികോപ്റ്ററിലും പരിശോധന നടത്തിയിരുന്നു. . മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചു കൊണ്ടുള്ള തെരച്ചിലാണ് നടത്തുന്നത്. 

SCROLL FOR NEXT