NEWSROOM

മന്‍മോഹന് യമുനാ തീരത്ത് സ്മാരകം; കോണ്‍ഗ്രസിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് കേന്ദ്രതീരുമാനം കോൺഗ്രസ് പാർട്ടിയെയും കുടുംബത്തെയും അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് സ്മാരകം വേണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം സർക്കാർ. യമുനാ തീരത്ത് സ്മാരകം പണിയാൻ കേന്ദ്രം സ്ഥലം അനുവദിക്കും. ഇതിനായി അന്തിമകർമ്മങ്ങൾക്ക് ശേഷം ട്രസ്റ്റ് രൂപീകരിച്ച് ഭൂമികൈമാറും.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് കേന്ദ്രതീരുമാനം കോൺഗ്രസ് പാർട്ടിയെയും കുടുംബത്തെയും അറിയിച്ചത്.

മൻമോഹൻ സിങ്ങിൻ്റെ ഓർമയ്ക്കായി പ്രത്യേക സ്മാരക സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മൻമോഹൻ സിങ്ങിൻ്റെ കുടുംബവും കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നു. വ്യക്തികൾക്കായി പ്രത്യേക സ്മാരകങ്ങൾ പണിയുന്നതിനെ കോൺഗ്രസിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ എതിർത്തിരുന്നു.
സ്ഥലദൗർലഭ്യമുണ്ടായ സാഹചര്യത്തിൽ 2013ലെ യുപിഎ സർക്കാർ, രാജ്ഘട്ടിൽ രാഷ്ട്രീയ സ്മൃതി സ്ഥലമെന്ന പൊതു സ്മാരകം സ്ഥാപിക്കാനും തീരുമാനിച്ചു. എന്നാല്‍, അതേ യുപിഎ സർക്കാരിന് നേതൃത്വം നല്‍കിയ മന്‍മോഹന്‍ സിങ്ങിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റുകയായിരുന്നു . മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന ആവശ്യം പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ മുന്നോട്ടുവെച്ചു. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിനെ ഇക്കാര്യം പ്രിയങ്ക അറിയിച്ചിരുന്നു.

Also Read: ഡോ. മന്‍മോഹന്‍ സിങ്ങിന് വിട നല്‍കാന്‍ രാജ്യം; സംസ്‌കാരം രാവിലെ 11.45 ന് നിഗംബോധ് ഘട്ടില്‍

വ്യാഴാഴ്ച രാത്രിയോടെയാണ് മന്‍മോഹന്‍ സിങ് അന്തരിച്ചത്. ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും വൈകുന്നേരത്തോടെ എയിംസില്‍ എത്തിയിരുന്നു. മന്‍മോഹന്‍ സിങ്ങിന്‍റ സംസ്കാരം ഇന്ന് രാവിലെ പത്തു മണിയോടെ നടക്കും. ഡല്‍ഹി യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടക്കുക.

SCROLL FOR NEXT