NEWSROOM

സൗമ്യനായ പ്രധാനമന്ത്രി; വിടവാങ്ങിയത് സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധന്‍

ഇന്ത്യയില്‍ നവസാമ്പത്തിക ക്രമം ചിട്ടപ്പെടുത്തിയയാള്‍ എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തി

Author : ന്യൂസ് ഡെസ്ക്

ഒരു തീരാനഷ്ടത്തിന്റെ വേദന തുടരുന്നതിനിടെ ക്രിസ്മസ് പിറ്റേന്ന് രാജ്യം കേട്ടത് മറ്റൊരു ദുഃഖ വാര്‍ത്ത കൂടി. ഇന്ത്യ കണ്ട സൗമ്യനായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധനാണ് വിടവാങ്ങിയത്.

ഇന്ത്യയില്‍ നവസാമ്പത്തിക ക്രമം ചിട്ടപ്പെടുത്തിയയാള്‍ എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തി. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ആരോഗ്യ മിഷന്‍, ആധാര്‍ എന്നിവ നടപ്പാക്കിയ പ്രധാനമന്ത്രി. വിശേഷണങ്ങള്‍ അനവധിയാണ് മന്‍മോഹന്‍ സിങ്ങിന്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, യുജിസി ചെയര്‍മാന്‍, ധനസെക്രട്ടറി തുടങ്ങിയ പദവികളിലെല്ലാം മികവു തെളിയിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.

1932 സെപ്റ്റംബര്‍ 26ന് ഇന്നത്തെ പാകിസ്ഥാനിലായിരുന്നു ജനനം. പിതാവ് ഗുര്‍മുഖ് സിങ്ങിന്റേയും മാതാവ് അമൃത് കൗറിന്റേയും മകനായ മന്‍മോഹന്‍ സിങ് പതിനഞ്ചാം വയസില്‍ രാഷ്ട്ര വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തി.

പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഓക്‌സഫഡില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി ഐക്യരാഷ്ട്ര സംഘടനയില്‍ ജോലി. പിന്നീട് പഞ്ചാബ് സര്‍വകലാശാലയില്‍ റീഡറായി ഇന്ത്യയിലേക്കു മടക്കം.

വിദേശ വ്യാപാരത്തില്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ ഉപദേഷ്ടാവായി രാഷ്ട്രീയ നിയമനം. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രഫസറായും പ്രവര്‍ത്തിച്ചു. 1976ല്‍ ധനമന്ത്രാലയത്തിലെ സെക്രട്ടറിയായി നിയമനം, 1980 മുതല്‍ രണ്ടുവര്‍ഷം ആസൂത്രണ കമ്മിഷന്‍ അംഗമായി.

1982ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായതോടെയാണ് മന്‍മോഹന്‍ സിങ് ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. 1985ല്‍ ഉപാധ്യക്ഷനായതോടെ ആസൂത്രണ കമ്മിഷന്റെ മുന്‍ഗണനകള്‍ മാറ്റി ശ്രദ്ധേയനായി. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോള്‍ സാമ്പത്തിക ഉപദേഷ്ടാവ്. 1991ല്‍ യുജിസി ചെയര്‍മാന്‍. നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് സാമ്പത്തിക ഉദാരവത്കരണം നടപ്പാക്കുന്നത്. ലൈസന്‍സ് രാജ് എടുത്തുകളഞ്ഞ് ഇന്ത്യയ്ക്ക് പുതിയ വാതായനങ്ങള്‍ തുറന്നിട്ട ധനമന്ത്രി കൂടിയാണ് അദ്ദേഹം.

2004ല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയാകുന്നത്. യുപിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രിയായി എല്ലാവരും കണ്ടത് സോണിയാ ഗാന്ധിയെയായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച സോണിയാ ഗാന്ധി ആ പദവി ഏല്‍പ്പിച്ചത് വിശ്വസ്തനായ മന്‍മോഹന്‍ സിങ്ങിനെയായിരുന്നു. വെല്ലുവിളികളും പ്രതിസന്ധികളും നേരിടുമ്പോഴും നിരവധി പ്രാദേശിക കക്ഷികളേയും ഇടതുപക്ഷത്തേയും കൂട്ടിയിണക്കി മന്‍മോഹന്‍ സിങ് മന്ത്രിസഭ നയിച്ചു.

ആണവകരാറില്‍ നിന്ന് പിന്മാറണം എന്ന ഇടതു നിലപാട് തള്ളിയതും മന്‍മോഹന്‍ സിങ്ങായിരുന്നു. 2009 ല്‍ യുപിഎയ്ക്കു തുടര്‍ഭരണം ലഭിച്ചത് വര്‍ദ്ധിച്ച ഭൂരിപക്ഷത്തോടെയായിരുന്നു. രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് ഏറ്റവും അംഗീകാരം ലഭിച്ചത് ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 10 വര്‍ഷങ്ങളിലായിരുന്നു.

നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും നരേന്ദ്രമോദിക്കും ശേഷം ദീര്‍ഘകാലം പ്രധാനമന്ത്രിയായ വ്യക്തിയായിരുന്നു. ചരിത്രാധ്യാപികയായിരുന്ന ഗുര്‍ശരണ്‍ കൗര്‍ ആണ് ജീവിത പങ്കാളി. ഉപീന്ദര്‍ സിങ്, ദാമന്‍ സിങ്, അമൃത് സിങ് എന്നീ മൂന്നുമക്കളും അധ്യാപകരും എഴുത്തുകാരുമാണ്.

SCROLL FOR NEXT